'യാത്ര'യിലെ തെലുങ്ക് ഡയലോഗ് ലൈവായി കേള്‍ക്കണമെന്ന് ആരാധകര്‍; മമ്മൂട്ടിയുടെ പ്രതികരണം

By Web TeamFirst Published Feb 3, 2019, 12:08 AM IST
Highlights

'ഇറ്റാലിയന്‍ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്ന ഭാഷയാണ് തെലുങ്ക്. എനിക്കിഷ്ടമാണ് ഈ ഭാഷ. താളവും കവിതയുമുള്ള ഭാഷ. തെലുങ്ക് അറിയില്ലെങ്കിലും യാത്രയിലെ സംഭാഷണങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്.'

പേരന്‍പിന് പിന്നാലെ മറ്റൊരു മറുഭാഷാ ചിത്രം കൂടി മമ്മൂട്ടിയുടേതായി പുറത്തുവരുകയാണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യാണ് അത്. ഈ മാസം എട്ടിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. സംവിധായകന്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ പ്രധാന സാങ്കേതിക പ്രവര്‍ത്തകരൊക്കെ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകര്‍ഷണം മമ്മൂട്ടിയുടെ സാന്നിധ്യം തന്നെയായിരുന്നു. സദസ്സിലുള്ളവരെ തെലുങ്കില്‍ അഭിസംബോധന ചെയ്ത് തുടങ്ങിയ മമ്മൂട്ടി തനിക്ക് തെലുങ്ക് ഭാഷയിലുള്ള താല്‍പര്യത്തേക്കുറിച്ചും പറഞ്ഞു. 

'ഇറ്റാലിയന്‍ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്ന ഭാഷയാണ് തെലുങ്ക്. എനിക്കിഷ്ടമാണ് ഈ ഭാഷ. താളവും കവിതയുമുള്ള ഭാഷ. തെലുങ്ക് അറിയില്ലെങ്കിലും യാത്രയിലെ സംഭാഷണങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് പിന്നില്‍ നല്ല പരിശ്രമവുമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ എനിക്ക് പറയാനുള്ള സംഭാഷണങ്ങളെല്ലാം ഞാന്‍ ചോദിച്ചുവാങ്ങിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അത് പഠിക്കാന്‍ ആദ്യം സഹായിച്ചത്. അദ്ദേഹം അത് വായിക്കുമ്പോള്‍ ഞാനത് എന്റെ ഭാഷയില്‍ കുറിച്ചെടുത്തു. പിന്നീട് പറഞ്ഞ് പലതവണ തെറ്റുതിരുത്തി. അതിനാല്‍ ചിത്രീകരണം തുടങ്ങുമ്പോഴേക്ക് ചിത്രത്തിലെ സംഭാഷണങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞിരുന്നു.' സിനിമയ്ക്ക് പുറത്തും തെലുങ്ക് അനായാസം സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് ഇനിയും സമയം വേണ്ടിവരുമെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ 'വൈഎസ്ആര്‍' പറയുന്ന ചില സംഭാഷണങ്ങള്‍ ലൈവായി കേള്‍ക്കണമെന്ന ആഗ്രഹം സദസ്സിലുള്ള ആരാധകര്‍ പ്രകടിപ്പിച്ചതിനോടും മമ്മൂട്ടി സന്തോഷത്തോടെ പ്രതികരിച്ചു.

click me!