
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ പ്രതികരണം.
ശ്രീലേഖ മിത്രയുടെ പരാതിയുടെ ഉള്ളടക്കമിങ്ങനെ
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കുന്നതിനായി തന്നെ ക്ഷണിച്ചിരുന്നു. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്‍റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കൈ കൊണ്ടുപോയി. ഇതേ തുടര്‍ന്ന് തനിക്ക് അവിടെ നിന്ന് രക്ഷപ്പെട്ട് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയി. ഈ ദുരനുഭവും അടുത്ത ദിവസം ഞാന്‍ തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചു. എനിക്ക് മടക്ക യാത്രക്ക് വിമാന ടിക്കറ്റ് പോലും നല്‍കിയില്ല. ഇതേ തുടര്‍ന്ന് ജോഷി ജോസഫിന്‍റെ സഹായം തേടാന്‍ നിര്‍ബന്ധിതയായി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ രഞ്ജിത്തിനെതിരെ തുടര്‍നിയമനടപടികള്‍ സ്വീകരിക്കാന്‍
അന്ന് എനിക്ക് സാധിച്ചിരുന്നില്ല.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ അടുത്തിടെ ഞാന്‍ എന്‍റെ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. രഞ്ജിത്ത് നിര്‍ണായകമായ അധികാര പദവിയിലിരിക്കുന്ന ആളായതിനാല്‍ തന്‍റെ തുറന്നു പറച്ചില്‍
കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയായി. സുപ്രീംകോടതി വിധിപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രഞ്ജിത്തിന്‍റെ പെരുമാറ്റത്തില്‍ രേഖാമൂലം പരാതി വേണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്.
എന്നാല്‍ തന്‍റെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതി വേണമെന്ന അധികാര പദവിയിലുള്ളവരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതിനാലാണ് ഇ മെയില്‍ മുഖാന്തിരം ഇപ്പോള്‍ പരാതി നല്‍കുന്നത്. ഈ മെയില്‍ പരാതിയായി പരിഗണിച്ച് നിലവിലെ നിയമ പ്രകാരം അതിക്രമകാരിക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു.
രഞ്ജിത്ത് തന്‍റെ തെറ്റ് സമ്മതിച്ചു, രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്ന് ശ്രീലേഖ മിത്ര
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ