ഉഡ്താ പഞ്ചാബ് വിവാദം: എന്തിനാണ് ഇത്രയും കട്ടെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

By Web DeskFirst Published Jun 9, 2016, 2:20 PM IST
Highlights

മുംബൈ: ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.  എം.എല്‍.എ, തിരഞ്ഞെടുപ്പ്, പഞ്ചാബ് തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ നിന്നും എന്തുകൊണ്ടു ഒഴിവാക്കണമെന്നു കോടതി ചോദിച്ചു. അതേസമയം സ്വന്തം ചിന്തയ്ക്കനുസരിച്ചുള്ള സിനിമ എല്ലാവരും ഉണ്ടാക്കണമെന്ന് വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ശ്യാം ബെനഗല്‍ പറഞ്ഞു.

ഉഡ്താ പഞ്ചാബിന് കത്രിക വെക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് നീക്കത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയില്‍ പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ചുള്ള 89 പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് ചോദ്യംചെയ്ത നിര്‍മ്മാതാക്കള്‍ ഒരു ഭാഗത്തുപോലും കത്രികവെക്കാന്‍ അനുവദിക്കരുതെന്ന് കോടതിയില്‍ വാദിച്ചു. കേസില്‍ വിശദമായി വാദം കേട്ട കോടതി,  തെരഞ്ഞെടുപ്പ്, എംഎല്‍എ. എംപി, പഞ്ചാബ് തുടങ്ങിയ പരാമര്‍ശങ്ങള്‍ എന്തിനാണ് വെട്ടിക്കളയുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു. ചിത്രത്തില്‍ ഇത്രയും വലിയ മുറിച്ചുമാറ്റലുകള്‍ നിര്‍ദേശിക്കാനുള്ള കാരണം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വാദംകേള്‍ക്കല്‍  നാളെയും തുടരും. 

അതേസമയം ഉഡ്താ പഞ്ചാബ് മികച്ച സിനിമയാണെന്ന പ്രതികരണവുമായി സെന്‍സര്‍ബോര്‍ഡ് പരിഷ്‌കണ സമിതി അധ്യക്ഷന്‍ ശ്യാം ബെനഗല്‍ രംഗത്തെത്തി. ഫാക്ടറിയിലല്ല സിനിമ ഉണ്ടാക്കുന്നതെന്നും ഏതെങ്കിലും ഒരാളുടെ ചിന്തയ്ക്കനുസരിച്ചുള്ള സിനിമ എല്ലാവരും ഉണ്ടാക്കണമെന്ന് വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബെനഗല്‍ വ്യക്തമാക്കി. നിയമപരമായി മാത്രമാണ് ചിത്രത്തില്‍ മുറിച്ചുമാറ്റലുകള്‍ നിര്‍ദേശിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പെഹലാജ് നിഹലാനി ഇന്നും ആവര്‍ത്തിച്ചു.

click me!