സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് മലയാളികള്‍ നല്‍കുന്ന കമന്‍റുകളെ കുറിച്ച് രമേഷ് പിഷാരടി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. അഭിനേതാവായി മാത്രമല്ല സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും രസകരമായ അനുഭവങ്ങൾ പറഞ്ഞ് കാണികളേ പിടിച്ചിരുത്താനുള്ള പിഷാരടിയുടെ കഴിവിന് പ്രശംസ ഏറെയാണ്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താരം നൽകുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ എഐ കാലത്തെ കുറിച്ചും സോഷ്യൽ മീഡിയ പോസ്റ്റുകളേ പറ്റിയും രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ
ഒരു ദിവസം ഞാന്‍ ഫേസ് ബുക്ക് നോക്കി കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എം എ യുസഫലിയുടെ പടം. അതിന് മുകളിലുള്ള ക്യാപ്ഷന്‍ ഇങ്ങനെയാണ്.. 'ഞാന്‍ വലിയ സിനിമാ നടന്‍ ഒന്നുമല്ലാത്തതുകൊണ്ട് എനിക്ക് ആരും ലൈക്ക് തരില്ലല്ലോ അല്ലേ' എന്ന്. ഒരു 3000 കമന്‍റുണ്ട്. 'സാറ് എന്തിനാ സാറെ സിനിമയില്‍ അഭിനയിക്കുന്നത്. സാറിന് കട നടത്തിയാല്‍ പോരെ, സാറ് അഭിനയിക്ക് ഞങ്ങള് കണ്ടോളാം എന്നൊക്കെയാണ് കമന്റുകൾ., ഒരുത്തന്‍ എഴുതിയേക്കുവാ സാറിന് പറ്റിയ കഥയുണ്ടെന്ന്.
വേറൊരു ദിവസം ഒരു എഐ ചേച്ചി. ഒരു നല്ല ചേച്ചി. എന്നിട്ട് ക്യാപ്ഷന്‍ ഇങ്ങനെ.. 'എന്‍റെ പേര് ഇന്നതാണ്. ഞാന്‍ കോട്ടയത്താണ് താമസിക്കുന്നത്. എനിക്ക് 42 വയസായി. എനിക്ക് സന്ധ്യ കഴിഞ്ഞാല്‍ മിണ്ടാന്‍ ആളില്ല' എന്ന്. എടാ.. 5000 പേരുടെ കമന്‍റ് വിത്ത് ഫോണ്‍ നമ്പര്‍. ചിലരുടെ ഒക്കെ പ്രഫൈല്‍ നോക്കിയിട്ട് എനിക്ക് സങ്കടം തോന്നി. ഞാനയാളെ ഫോണ്‍ വിളിച്ചിട്ട് ചേട്ടാ.. ഇത് എഐ ആണ്, നിങ്ങളിങ്ങനെ പറയല്ലേന്ന് പറഞ്ഞ് ബോധവത്കരിച്ചാലോന്ന് ആദ്യം തോന്നി. പക്ഷേ പിന്നീട് ഓര്‍ത്തു വേണ്ട. ഇന്നല്ലെങ്കില്‍ നാളെ, വരുണ്‍ തിരിച്ചു വരുമെന്ന് ദൃശ്യത്തില്‍ ആശാ ശരത്ത് കാത്തിരിക്കുന്നത് പോലെ അയാള് കാത്തിരുന്നോട്ടെ. അതൊരു ചാരിറ്റി അല്ലേന്ന് ഓര്‍ത്തു.



