തന്‍റെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി: ബോണി കപൂര്‍

By Web DeskFirst Published Mar 1, 2018, 8:56 AM IST
Highlights
  • ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ബോണി കപൂര്‍
  • തനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു 
  • മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു.
  • അവളായിരുന്നു ഈ കുടുംബത്തിന്‍റെ നെടുംതൂണ്‍

ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ശ്രീദേവിയുടെ സംസ്‌കാരത്തിന് ശേഷവും ആരാധകരെ ഈറനണിയിക്കുന്നത്. ഇന്നലെ രാത്രി ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബോണി കപൂര്‍ അവസാനമായി തന്റെ കുറിപ്പ് ട്വീറ്റ് ചെയ്തത്. 

തന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ല. തനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും ബോണി ട്വിറ്ററില്‍ കുറിച്ചു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും തനിക്കും മക്കളായ ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നുവെന്നും ബോണി. നികത്താനാകാത്ത നഷ്ടം അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ കുടുംബത്തോടെ ശ്രമിക്കുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി. 

തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു. എന്നാല്‍ തനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു, തങ്ങളുടെ രണ്ട് മക്കളുടെ അമ്മയായിരുന്നു... മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍. 

pic.twitter.com/VNgw7FY9rF

— SRIDEVI BONEY KAPOOR (@SrideviBKapoor)

അതേസമയം ശ്രീദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പിന്നാലെ  തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിച്ച ശ്രീദേവിക്ക് മരണ ശേഷവും  ആ പരിഗണന നല്‍കണമെന്നും കപൂര്‍ കുടുംബം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

pic.twitter.com/NXAgta3vMS

— Anil Kapoor (@AnilKapoor)

കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്. രാജ്യമെമ്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു.

ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്നലെ മുബൈയില്‍ വച്ച് സംസ്‌കരിച്ചു. നിരവധി പേരാണ് നടിയെ അവസാനമായി ഒരു നോക്ക് കാണാനായി സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്കും വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്കും എത്തിയത്. എല്ലാവിധ ബഹുമതികളോടെയും പത്മശ്രീ ശ്രീദേവിയ്ക്ക് രാജ്യം അന്ത്യയാത്ര നല്‍കി. 

click me!