
മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷങ്ങളായിരുന്നു 2024, 2025 എന്നിവ. വ്യവസായം എന്ന നിലയില്‍ മോളിവുഡ് വലിയ വളര്‍ച്ച നേടിയ കാലം, ഉള്ളടക്കത്തിലെ പരീക്ഷണങ്ങള്‍, അവ തിയറ്ററുകളില്‍ എത്തി കാണുന്ന മറുഭാഷാ പ്രേക്ഷകര്‍ എന്നിവയൊക്കെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കാഴ്ചകള്‍ ആയിരുന്നു. മലയാള സിനിമ പുതുവര്‍ഷത്തിലേക്ക് പ്രതീക്ഷകളോടെ കടന്നിരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഹയസ്റ്റ് ഗ്രോസിംഗ് ലിസ്റ്റ് ഒരിക്കല്‍ക്കൂടി പരിശോധിക്കാം. തന്‍റെ താരമൂല്യം ഒരിക്കല്‍ക്കൂടി തെളിയിച്ച മോഹന്‍ലാല്‍, നിവിന്‍ പോളിയുടെ തിരിച്ചുവരവ്, ലോകയിലൂടെ മോളിവുഡിന്‍റെ ആദ്യ 300 കോടി ക്ലബ്ബ് എന്നിവയ്ക്കൊക്കെ പോയ വര്‍ഷം സാക്ഷ്യം വഹിച്ചു.
മലയാളത്തിന്‍റെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രം എന്നതിനൊപ്പം തെന്നിന്ത്യയില്‍ത്തന്നെ ആദ്യമായാണ് നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടിക്ക് മുകളില്‍ നേടുന്നത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 12 ലിസ്റ്റില്‍ മോഹന്‍ലാലിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവ. ഇതില്‍ എമ്പുരാനും തുടരുവും 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ ഹൃദയപൂര്‍വ്വം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. എമ്പുരാന്‍ 266.3 കോടി, തുടരും 233.5 കോടി, ഹൃദയപൂര്‍വ്വം 75.6 കോടി എന്നിങ്ങനെ ആയിരുന്നു കണക്കുകള്‍.
കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടവുമായി വന്‍ തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളി ആണ് കഴിഞ്ഞ വര്‍ഷത്തെ താരങ്ങളില്‍ ഒരാള്‍. നിവിന്‍ നായകനായ ഹൊറര്‍ കോമഡി ചിത്രം സര്‍വ്വം മായ ഇതിനകം 131 കോടി നേടിയിട്ടുണ്ട്. മമ്മൂട്ടി പ്രതിനായകനായെത്തിയ കളങ്കാവല്‍ ആണ് ലിസ്റ്റില്‍ അഞ്ചാമത്. 84 കോടിയാണ് ബോക്സ് ഓഫീസ്. പ്രണവ് നായകനായ ഹൊറര്‍ ചിത്രം 82 കോടിയും ആലപ്പുഴ ജിംഖാന 69 കോടിയും നേടി. ലോക, എമ്പുരാന്‍, തുടരും, സര്‍വ്വം മായ, കളങ്കാവല്‍, ഡീയസ് ഈറേ, ഹൃദയപൂര്‍വ്വം, ആലപ്പുഴ ജിംഖാന എന്നിങ്ങനെയാണ് ഒന്ന് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങള്‍.
രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, എക്കോ, ഭഭബ എന്നിവയാണ് ഒന്‍പത് മുതല്‍ 12 വരെയുള്ള സ്ഥാനങ്ങളില്‍. രേഖാചിത്രം 57.3 കോടി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 54.25 കോടി, എക്കോ 47 കോടി, ബഭബ 45 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.