ആയത്തുല്ല അലി ഖമനെയിയുടെ ചിത്രം കത്തിച്ച് വൈറലായ ഇറാനിയൻ യുവതി അദ്ദേഹത്തിന്റെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. യുവതിയുടെ ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായി മാറിയിരുന്നു.
ടെഹ്റാൻ: ആയത്തുല്ല അലി ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന യുവതിയുടെ ചിത്രം അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഖമനെയി കൊല്ലപ്പെട്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആ വൈറൽ ചിത്രത്തിലെ യുവതി. മോർട്ടീഷ്യ ആഡംസ് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. "ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?" എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' എന്നും യുവതി കുറിച്ചു. മോർട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതിൽ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായി മാറിയിരുന്നു.
ഇറാനിൽ താൻ വിമതയായി മുദ്ര കുത്തപ്പെട്ടതോടെ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവതി നിലവിൽ ടൊറന്റോയിൽ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു. 'ഖമനെയിയുടെ അന്ത്യം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങൾ ലംഘിച്ച് സ്ത്രീകൾ പ്രതിഷേധിച്ചു. 2022ൽ മഹ്സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനിൽ നടന്നത്. 'ഞാൻ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വർഷമായി എന്റെ ജീവിതം മരിച്ചതിന് തുല്യമാണ്' എന്ന് വിളിച്ചു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് ശനിയാഴ്ചയാണ് 86 കാരനായ അലി ഖമനെയി കൊല്ലപ്പെട്ടത് . സ്വന്തം ഓഫീസിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമനെയിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലുടനീളം 500 കേന്ദ്രങ്ങളിൽ 200 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന അറിയിച്ചു. അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയാകുമെന്നാണ് റിപ്പോർട്ട്. അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമനെയി. അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും.


