
കഴിഞ്ഞ വർഷം ഒരുപിടി മികച്ച സിനിമകളാണ് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതിൽ മുൻനിര താരങ്ങളുടേത് മുതൽ യുവതാരങ്ങളുടെ സിനിമകൾ വരെയുണ്ട്. അവ പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അക്കൂട്ടത്തിലൊരു സിനിമയാണ് ഭ.ഭ.ബ. പ്രഖ്യാപനം മുതൽ വൻ ഹൈപ്പ് ലഭിച്ച ചിത്രം ഡിസംബർ 18ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. മോഹൻലാൽ-ദിലീപ് കോമ്പോ ആയിരുന്നു പടത്തിലെ പ്രധാന ഹൈലൈറ്റ്. തുടക്കത്തിൽ വൻ ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന് ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതും. നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആയിരുന്നു സിനിമയുടെ സംവിധാനം.
നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഭ.ഭ.ബയുടെ കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. ആദ്യദിവസം ആഗോള തലത്തിൽ 15 കോടിയായിരുന്നു ചിത്രം നേടിയതെന്നായിരുന്നു കണക്ക്. എന്നാൽ റിലീസ് ചെയ്ത് പതിനാലാം ദിവസം പിന്നിടുമ്പോഴേക്കും കളക്ഷനിൽ വലിയ രീതിയിലുള്ള ഇടിവ് ചിത്രം നേരിടുന്നുണ്ട്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം പതിനാലാം ദിവസം 15 ലക്ഷം രൂപയാണ് ഭ.ഭ.ബയ്ക്ക് നേടാനായത്. റിലീസ് ചെയ്ത് എട്ട് ദിവസം വരെ ഒരുകോടിക്ക് മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിനായെങ്കിലും അതിന് ശേഷം ഇടിവ് രേഖപ്പെടുത്തിയെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 25.05 കോടിയാണ് കേരളത്തിൽ നിന്നും ഇതുവരെ ചിത്രം നേടിയത്. കർണാടക 1.16 കോടി, ആന്ധ്ര-തെലുങ്കാന 14 ലക്ഷം, തമിഴ്നാട് 51 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഭ.ഭ.ബ കളക്ഷൻ കണക്ക്. ആഗോളതലത്തിൽ 45.25 കോടിയാണ് പടം നേടിയിരിക്കുന്നത്. ഇന്ത്യ നെറ്റ് 23.10 കോടി, ഓവർസീസ്‍ 18.10 കോടി, ഇന്ത്യ ഗ്രോസ് 27.15 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ഫാഹിം സഫർ, നൂറിൻ ഷെരീഫ് ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് ഭ.ഭ.ബ. ഭയം ഭക്തി ബഹുമാനം എന്നാണ് സിനിമ പേരിന്റെ പൂർണരൂപം. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ തുടങ്ങിയ താരനിര സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.