നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം താരത്തിന്‍റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. 

മലയാളത്തിലെ യുവനിര താനങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളാണ് നിവിന്‍ പോളി. എന്നാല്‍ താരമൂല്യത്തിന് ചേരുന്ന തരത്തിലുള്ള വിജയങ്ങള്‍ അദ്ദേഹത്തിന് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ക്ഷീണം തീര്‍ത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായ മലയാളത്തിലെ പോയ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്. ബോക്സ് ഓഫീസിലും അത് നേട്ടമാക്കി മാറ്റുകയാണ് ചിത്രം. ഇപ്പോഴിതാ ഒരാഴ്ചത്തെ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ബോക്സ് ഓഫീസിലെ ഒരാഴ്ച

ചിത്രം ആദ്യ 5 ദിനങ്ങള്‍ കൊണ്ട് 50 കോടി നേടിയതായി നിര്‍മ്മാതാക്കളായ ഫയര്‍ഫ്ലൈ ഫിലിംസ് അറിയിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഒരാഴ്ച പിന്നിട്ടപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ഗ്രോസ് 65.35 കോടിയാണ്. നിവിന്‍ പോളിയുടെ വെറും തിരിച്ചുവരവല്ല ഇത്, മറിച്ച് വന്‍ മടങ്ങിവരവ് ആണ്. 65 കോടിയില്‍ ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 29.9 കോടിയും ഗ്രോസ് 35.35 കോടിയുമാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നെല്ലാമായി മറ്റൊരു 30 കോടിയും. അതേസമയം രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ചിത്രത്തിന് അമ്പരപ്പിക്കുന്ന ബുക്കിംഗ് ആണ് ലഭിക്കുന്നത്.

ബുക്ക് മൈ ഷോ

പുതുവത്സര ദിനമായ ഇന്ന് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ഒരു ഘട്ടത്തില്‍ ചിത്രം മണിക്കൂറില്‍ 14,000 ന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റു. രണ്ടാം വാരത്തില്‍ ഇത്രയും ടിക്കറ്റ് ഡിമാന്‍ഡ് എന്നത് അധികം ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടില്ലാത്ത നേട്ടമാണ്. ഈ വാരാന്ത്യത്തിലും ചിത്രം ബോക്സ് ഓഫീസില്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. ഈ വാരാന്ത്യം പിന്നിടുമ്പോള്‍ ചിത്രം 100 കോടിക്ക് അടുത്തെത്തിയാലും അമ്പരക്കേണ്ടതില്ല. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നിലയിലേക്കുള്ള സര്‍വ്വം മായയുടെ എന്‍ട്രിക്കായാണ് ട്രാക്കര്‍മാര്‍ കാത്തിരിക്കുന്നത്. ഇത് ഏറെക്കുറെ ഉറപ്പാണ്. വിജയ്‍യുടെ ജനനായകന്‍ എത്തുന്നത് വരെ ചിത്രത്തിന് വലിയ കോമ്പറ്റീഷന്‍ ലഭിക്കാനില്ല. 9-ാം തീയതിയാണ് ജനനായകന്‍റെ റിലീസ്. എന്നാല്‍ ഈ ചിത്രം എത്തിയാലും കുടുബപ്രേക്ഷകരെ സര്‍വ്വം മായയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യതയില്ല.

അതേസമയം ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ തന്നെ ഇന്നലെ രണ്ടാമതാണ് സര്‍വ്വം മായ. 1000 കോടി ക്ലബ്ബില്‍ ഇടംനേടിയ ബോളിവുഡ് ചിത്രം ധുരന്ദര്‍ കഴിഞ്ഞാല്‍ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റത് നിവിന്‍ പോളി ചിത്രം ആയിരുന്നു. ധുരന്ദര്‍ 1.79 ലക്ഷം ടിക്കറ്റുകളാണ് ഒറ്റ ദിവസം വിറ്റതെങ്കില്‍ സര്‍വ്വം മായ വിറ്റത് 1.37 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് അവതാര്‍ മൂന്നും ആറാം സ്ഥാനത്ത് ജനനായകനും (അഡ്വാന്‍സ് ബുക്കിംഗ്) ആണ്.

Asianet News Live | New Year 2026 | Malayalam Live News | Breaking News l Kerala Live News Updates