
മലയാള സിനിമയിൽ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. സമീപകാലത്തിറങ്ങിയ പടങ്ങൾ പരാജയം നേരിട്ടെങ്കിൽ അവയ്ക്കെല്ലാം പകരം വീട്ടി എന്നോണം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർക്കുകയാണ് നടൻ. അതും വെറും രണ്ട് സിനിമയിലൂടെ. എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ കേരള ബോക്സ് ഓഫീൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് തുടരും. ഈ അവസരത്തിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിക്കാൻ മോഹൻലാൽ തയ്യാറെടുക്കുന്നു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
മലയാള സിനിമയിൽ 200 കോടി നേടുന്ന മൂന്നാമത്തെ സിനിമ എന്ന ഖ്യാതി സ്വന്തമാക്കാനാണ് തുടരും തയ്യാറെടുക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച വരെയുള്ള തുടരുമിന്റെ ആഗോള കളക്ഷൻ 195 കോടിയാണ്. മൊത്തം 195.80 കോടി രൂപ. ഇന്ത്യ നെറ്റ് 93.75 കോടിയും ഓവർസീസ് 87 കോടിയുമാണ്. ഈ കണക്ക് പ്രകാരം അഞ്ച് കോടി കൂടി ലഭിച്ചാൽ മോഹൻലാൽ ചിത്രം 200 കോടി തൊടും. ഞായറാഴ്ചയായ ഇന്ന് തന്നെ ഈ നേട്ടം തുടരും നേടുമെന്നാണ് കണക്കുകൂട്ടലുകൾ.
എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് തുടരുമിന് മുൻപ് 200 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകൾ. അതേസമയം, പതിനാറ് ദിവസത്തെ കണക്ക് പ്രകാരം 90.35 കോടിയാണ് കേരളത്തിൽ നിന്നും തുടരും ആകെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്നും 7.26 കോടി നേടിയപ്പോൾ, തമിഴ്നാട്ടിൽ നിന്നും 4.18 കോടിയും സ്വന്തമാക്കി. ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയിടങ്ങളിൽ നിന്നും 3.17 കോടിയും തുടരും കളക്ട് ചെയ്തിട്ടുണ്ട്. എന്തായാലും 200 കോടി തുടരും ഇന്ന് കടക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..