നമ്പർ 1 ആര്? തമിഴ്നാട് ബോക്സ് ഓഫീസില്‍ വീണ്ടും അജിത്ത് Vs വിജയ്, മൂന്ന് ചിത്രങ്ങള്‍ മെയ് ദിനത്തില്‍ നേടിയത്

By Web TeamFirst Published May 2, 2024, 4:15 PM IST
Highlights

ഗില്ലി ഏപ്രില്‍ 20 നാണ് എത്തിയതെങ്കില്‍ ദീനയും ബില്ലയും മെയ് 1 നാണ് എത്തിയത്

തമിഴ് സിനിമയില്‍ ഇത് റീ റിലീസിന്‍റെ കാലമാണ്. മുന്‍കാല അനുഭവത്തില്‍ നിന്ന് വിപരീതമായി മലയാള സിനിമകള്‍ തമിഴ്നാട്ടിലും പ്രേക്ഷകശ്രദ്ധ നേടുമ്പോള്‍ അവിടെ പുതിയ തമിഴ് ചിത്രങ്ങളൊന്നും ഈ വര്‍ഷം വലിയ ചലനമുണ്ടാക്കിയിട്ടില്ല. അതേസമയം റീ റിലീസുകളില്‍ പലതും തിയറ്ററുകാര്‍ക്ക് നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. രണ്ട് മുന്‍നിര സൂപ്പര്‍താരങ്ങളുടെ മൂന്ന് ചിത്രങ്ങളാണ് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിലവില്‍ പ്രേക്ഷകരെ എത്തിക്കുന്നത്. 

ധരണിയുടെ സംവിധാനത്തില്‍ വിജയ് നായകനായി 2004 ല്‍ പുറത്തെത്തിയ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഗില്ലി, അജിത്ത് കുമാറിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തെത്തിയ ആക്ഷന്‍ ചിത്രം ദീന, അജിത്തിനെ തന്നെ നായകനാക്കി വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത് 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബില്ല എന്നിവയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.

ഇതില്‍ ഗില്ലി ഏപ്രില്‍ 20 നാണ് എത്തിയതെങ്കില്‍ ദീനയും ബില്ലയും മെയ് 1 നാണ് എത്തിയത്. വന്‍ വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ ഗില്ലിക്ക് നല്‍കിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം കളക്ഷനില്‍ 20 കോടി പിന്നിട്ടിട്ടുണ്ട് ഗില്ലി. അജിത്ത് ചിത്രങ്ങളുടെ റീ റിലീസ് സംഭവിച്ച മെയ് 1 നും തമിഴ്നാട്ടിലെ കളക്ഷനില്‍ ഗില്ലിയാണ് മുന്നില്‍. 1.13 കോടിയാണ് ചിത്രം മെയ് 1 ന് നേടിയത്. അജിത്ത് കുമാറിന്‍റെ ദീന 55 ലക്ഷവും ബില്ല 29.5 ലക്ഷവുമാണ് ഇന്നലെ നേടിയിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. ഇതില്‍ ബില്ലയുടേത് ട്രാക്ക് ചെയ്യപ്പെട്ട തിയറ്ററുകളിലേത് മാത്രമാണെന്നും ഫൈനല്‍ കളക്ഷന്‍ വൈകാതെ അറിയിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. പുതിയ ശ്രദ്ധേയ റിലീസുകള്‍ സംഭവിക്കുന്നതുവരെ റീ റിലീസുകളെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായത്തിന്‍റെ മുന്നോട്ടുപോക്ക്. 

ALSO READ : വീണ്ടും ജംബോ നോമിനേഷന്‍ ലിസ്റ്റ്! ബിഗ് ബോസില്‍ എട്ടാം വാരത്തിലെ നോമിനേഷന്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!