
മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടനകം. ഒടുവിൽ ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം അവർക്ക് മനോഹരമായൊരു ദൃശ്യവിരുന്നും സമ്മാനിച്ചു. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.
റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ സുമതി വളവ് നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. 13.9 കോടിയാണ് ഇത്രയും ദിവസത്തെ കളക്ഷൻ. പുതിയ റിലീസുകൾ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇത്രയും മികച്ചൊരു കളക്ഷൻ സുമതി വളവിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. നാലാം ദിനം ആയപ്പോഴേക്കും അത് 11.15 കോടി ആകുകയും ചെയ്തു.
ബോക്സ് ഓഫീസിൽ സുമതി വളവ് മുന്നേറുമ്പോൾ തിയറ്ററുകളുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്. 230 തിയറ്ററുകളിലായിരുന്നു സുമതി വളവ് പ്രദർശിപ്പിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം മുതലത് 250 തിയറ്ററുകളായി വർദ്ധിച്ചിട്ടുണ്ട്. അടുത്ത കാലത്തൊരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീൻ കൗണ്ട് കൂടിയാണ് സുമതി വളവിന്റേത്.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് സുമതി വളവ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.