ലാഭത്തിലെത്താൻ ഇനിയും വലിയൊരു തുക നേടേണ്ടതുണ്ട് ചിത്രത്തിന്. എന്നാല്‍ ലോംഗ് റൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.
ജെയിംസ് കാമറൂണ്‍ എന്ന് കേട്ടാല്‍ അത് ആരെന്ന് ചോദിക്കുന്ന സിനിമാപ്രേമികള്‍ ലോകത്തുതന്നെ കുറവായിരിക്കും. ടൈറ്റാനിക്കും അവതാറുമൊക്കെ ഉണ്ടാക്കിയ ജനപ്രീതി അത്രമാത്രമാണ്. ലോക സിനിമയില്‍ത്തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രങ്ങളൊക്കെയും. അതിനാല്‍ത്തന്നെ അവതാറിന്‍റെ മൂന്നാം ഭാഗവുമായി ജെയിംസ് കാമറൂണ്‍ വീണ്ടുമെത്തുമ്പോള്‍ ഹോളിവുഡിന് വെറും പ്രതീക്ഷയല്ല ഉണ്ടായിരുന്നത്. ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് അത് വെറും ഒരു വിജയമായാല്‍ പോര. മറിച്ച് പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തന്നെ രചിക്കണം. വമ്പന്‍ ബജറ്റ് ആയതിനാല്‍ ചിത്രം ബ്രേക്ക് ഈവന്‍ ആവണമെങ്കില്‍പ്പോലും അമ്പരപ്പിക്കുന്ന കളക്ഷന്‍ നേടണം എന്നതാണ് യാഥാര്‍ഥ്യം. ഈ മാസം 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനം എത്തരത്തിലാണെന്ന് നോക്കാം.
ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ അഭിപ്രായങ്ങളല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. അഗ്രിഗേറ്റര്‍ വെബ് സൈറ്റ് ആയ റോട്ടണ്‍ ടൊമാറ്റോസില്‍ നിരൂപകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന സ്കോര്‍ 66 ശതമാനമാണ്. പ്രേക്ഷകരാവട്ടെ 91 ശതമാനവും. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട് ചിത്രം. 500 മില്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന നേട്ടമാണ് അത്. അതായത് 4490 കോടി രൂപ. എന്നാല്‍ ബജറ്റിന്‍റെ വലിപ്പം കാരണം ചിത്രം ലാഭത്തിലാവണമെങ്കില്‍ ഇത്ര തന്നെ ഇനിയും നേടേണ്ട സാഹചര്യമുണ്ട്.
400 മില്യണ്‍ ഡോളര്‍ (3592 കോടി രൂപ) ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്. ഹോളിവുഡിലെ ഇത്രയും വലിയ ചിത്രങ്ങള്‍ ബജറ്റിന്‍റെ ഇരട്ടിയെങ്കിലും നേടിയാലേ ബ്രേക്ക് ഈവന്‍ ആവൂ. അവതാര്‍ 3 നെ സംബന്ധിച്ച് ബ്രേക്ക് ഈവന്‍ ആവാന്‍ 1 ബില്യണ്‍ ഡോളര്‍ (8989 കോടി രൂപ) വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവതാര്‍ സിനിമകള്‍ക്ക് പൊതുവെ ലോംഗ് റണ്‍ ലഭിക്കാറുണ്ട്. ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഫയര്‍ ആന്‍ഡ് ആഷിനും അത്തരത്തില്‍ വരും ആഴ്ചകളിലും കാണികളെ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ലൈറ്റ്സ്റ്റോം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജെയിംസ് കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.



