
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്ന് നേടിയ സംവിധായകന്‍റെ അടുത്ത ചിത്രം. മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍റെ അടുത്ത ചിത്രം എന്നതായിരുന്നു ബാലന്‍ എന്ന ചിത്രത്തിന് റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പ്. മറ്റൊരു വിജയചിത്രമായ ആവേശത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവനാണ് തിരക്കഥ ഒരുക്കുന്നത് എന്നതും പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതും ഈ പ്രോജക്റ്റിന്മേല്‍ പ്രേക്ഷകര്‍ക്ക് കൌതുകം പകര്‍ന്ന ഘടകങ്ങളാണ്. ജൂണ്‍ 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടിയത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം നേടുന്ന പ്രതികരണം എങ്ങനെയാണ്? തിയറ്ററുകളില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‌കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 13 കോടിയാണ്. വിദേശത്തുനിന്ന് 9 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 22 കോടി. ട്രാക്കര്‍ ആയ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം 7 ദിവസം കൊണ്ട് നേടിയത് 9.87 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 1.41 കോടിയും തമിഴ്നാട്ടില്‍ നിന്ന് 76 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 21 ലക്ഷവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 26 ലക്ഷവും.
മലയാളത്തിനൊപ്പം മറ്റ് നാല് ഭാഷകളിലും ഒരേ ദിവസം ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. കളക്ഷനില്‍ ബഹുഭൂരിപക്ഷവും വന്നിരിക്കുന്നത് മലയാളത്തില്‍ നിന്നുതന്നെയാണ്. 12.09 കോടി. തമിഴ് പതിപ്പ് 21 ലക്ഷവും തെലുങ്ക് 18 ലക്ഷവും ഹിന്ദി 2.30 ലക്ഷവും കന്നഡ 1.10 ലക്ഷവുമാണ് നേടിയത്. ആദിശേഷന്‍ എന്ന പുതുമുഖമാണ് ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത്. ബാലന്‍റെ കൗമാരകാലം അവതരിപ്പിച്ചിരിക്കുന്നത് സിനാന്‍ ആണ്. ഫര്‍സാന പാലത്തിങ്കല്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രമായ അമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ടൊവിനോ തോമസും ഒരു സര്‍പ്രൈസ് കാസ്റ്റ് ആണ്. ടൊവിനോ അവതരിപ്പിക്കുന്ന അബ്ബാസ് എന്ന കഥാപാത്രത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.