തിയറ്ററുകളില്‍ മികച്ച അഭിപ്രായം, ബോക്സ് ഓഫീസില്‍ മിന്നിയോ ഷെയ്ന്‍ നിഗം? 'ബള്‍ട്ടി' 3 ദിനങ്ങളില്‍ നേടിയത്

Published : Sep 29, 2025, 11:46 AM IST
balti 3 days box office shane nigam Shanthnu Preethi Santhosh T Kuruvilla

Synopsis

ഷെയ്ന്‍ നിഗത്തിന്‍റെ 25-ാമത് ചിത്രമായ 'ബള്‍ട്ടി' കബഡിയുടെ പശ്ചാത്തലത്തിലുള്ള ഒരു സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമാണ്. മികച്ച അഭിപ്രായം നേടി റിലീസ് ചെയ്ത ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്ന് നേടിയത്

ഷെയ്ന്‍ നിഗത്തിന്‍റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ബള്‍ട്ടി. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ആര്‍ഡിഎക്സിന് ശേഷം ഷെയ്ന്‍ അഭിനയിക്കുന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രം എന്നതും പ്രത്യേകതയായിരുന്നു. കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും പോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ഇത്. ഞായറാഴ്ച ലോക കഴിഞ്ഞാല്‍ കേരള ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം ബള്‍ട്ടി ആണ്. ഇന്നലെ മാത്രം 1.76 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 3.23 കോടിയായും ഉയര്‍ന്നിട്ടുണ്ട്. പൂജ അവധി ദിനങ്ങളിലും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ചിത്രത്തിന് കൈവന്നിരിക്കുന്നത്.

വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ്. ഷെയിൻ നിഗത്തിനു പുറമെ വിവിധ മേഖലകളിൽ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. സൈക്കോ ബട്ടർഫ്‌ളൈ സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തുമ്പോൾ ഭൈരവനായി എത്തുന്നത് തമിഴിലെ പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ സെൽവരാഘവനാണ്. സാനി കായിദത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ അതിലും മികച്ച പ്രകടനം ഉറപ്പു നൽകുന്ന വേഷമാണ് ലഭിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടി പൂർണിമ ഇന്ദ്രജിത്തും ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‌തമായ, ജീ മാ എന്ന കഥാപാത്രമായി പൂർണിമ ഇന്ദ്രജിത്ത് പ്രേക്ഷകരെ അതിശയിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ നായികാവേഷം ചെയ്യുന്നത് 'അയോധി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്. മറ്റൊരു തമിഴ് നടനായ ശന്തനു ഭാഗ്യരാജും 'ബാൾട്ടി'യിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആക്ഷന് പുറമെ സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍