
മലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത അഭിനേതാക്കളില്‍ ഒരാളാണ് സൈജു കുറുപ്പ്. കോമഡിയും സീരിയസ് റോളുകളുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവുമിഷ്ടം കോമഡി ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വ്യത്യസ്തരായ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളാണ്. സോളോ ഹീറോ ആയും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും വലിയ വിജയങ്ങള്‍ ആയിട്ടില്ല. എന്നാല്‍ അത് ഇതുവരെയുള്ള കഥ. ഇപ്പോഴിതാ നായകനായ ഏറ്റവും പുതിയ ചിത്രത്തിലൂടെ കരിയറിലെ ബിഗസ്റ്റ് സോളോ ഹീറോ ഹിറ്റ് അടിച്ചിരിക്കുകയാണ് സൈജു കുറുപ്പ്. ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സൈജു കരിയറിലെ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.
2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്. ഒടിടിയിലൂടെ പില്‍ക്കാലത്ത് ജനപ്രീതി നേടിയെങ്കിലും ഭരതനാട്യം ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററില്‍ ചിരി പൊട്ടിക്കുകയാണ്. അവധിക്കാലത്ത് കുടുംബസമേതം കാണാന്‍ പറ്റിയ രസകരമായ ചിത്രം എന്നത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.
ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് പ്രകാരം തിയറ്ററുകളില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 10.30 കോടിയാണ്. കേരളത്തില്‍ നിന്നുള്ള നേട്ടം 7.70 കോടിയും. സൈജു കുറുപ്പ് നായകനായെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചിരിക്കുന്നത് എന്നതിനാല്‍ വേനലവധിക്കാലത്ത് ചിത്രം ഇനിയും നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.