ബോക്സ് ഓഫീസിലെ ഫൈറ്റ് ജയിച്ചോ? 'ചത്താ പച്ച'യുടെ 2 ദിവസത്തെ കളക്ഷന്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Published : Jan 24, 2026, 07:16 PM IST
chatha pacha 2 days official worldwide box office collection mammootty arjun

Synopsis

മലയാളത്തിലെ ആദ്യ ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ഇത്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം എന്ന വിശേഷണവുമായി തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. സിനിമാപ്രേമികള്‍ക്ക് പുതിയ അനുഭവവുമായി എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഈ വ്യാഴാഴ്ച ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ കണക്ക് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

റീൽ വേൾഡ് എന്റർടൈൻമെന്റിന്‍റെ ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് സംബന്ധിച്ച വിവരം ബാനര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 7.73 കോടി നേടിയെന്നായിരുന്നു അറിയിപ്പ്. ഇപ്പോഴിതാ രണ്ടാം ദിവസത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 14.05 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതായത് രണ്ടാം ദിനം ചിത്രം നേടിയിരിക്കുന്നത് 6.32 കോടിയാണ്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷൻ ലക്ഷ്യമിട്ടാണ് ചിത്രം കുതിക്കുന്നത്. ലോകമെമ്പാടും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ബിഗ് സ്ക്രീന്‍ അനുഭവം

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ എക്സ്ട്രാ സ്ക്രീനുകളും എക്സ്ട്രാ ഷോകളും കൂട്ടിച്ചേർത്തു കൊണ്ടാണ് ചിത്രം കുതിപ്പ് തുടരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തുമുള്ള നിരൂപകരും മികച്ച അഭിപ്രായമാണ് നൽകുന്നത്. പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്.

യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും ഒരേ പോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, കോമഡി, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം മനോഹരമായാണ് ചിത്രത്തിൽ കോർത്തിണക്കിയത്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റൈലിഷ് ആയും, WWE ആരാധകർക്ക് ആവേശം പകരുന്ന രീതിയിലും, ത്രസിപ്പിക്കുന്ന പൂർണതയോടെയാണ് ചിത്രത്തിലെ റസ്ലിങ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ ഗംഭീര പ്രകടനമാണ് നൽകിയത്. വാൾട്ടർ എന്ന കഥാപാത്രമായി അതിഥി താരമായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്.

ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം വമ്പൻ ആഗോള റിലീസ് ഒരുക്കിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് "ചത്താ പച്ച". തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള തലത്തിൽ എത്തിയത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ്.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാൾട്ടറും പിള്ളേരും കേറി കൊളുത്തി; ആദ്യ​ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി 'ചത്താ പച്ച', 2-ാം ദിനവും തൂക്കിയടി
188 ലേറ്റ് നൈറ്റ് ഷോകള്‍! 'വാള്‍ട്ടറും' പിള്ളേരും ആദ്യ ദിനം നേടിയത് എത്ര? 'ചത്താ പച്ച' ഓപണിംഗ് ബോക്സ് ഓഫീസ്