
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ട്രെന്‍ഡിംഗ് വിജയങ്ങളിലൊന്നാണ് ബോളിവുഡ് ചിത്രം ഛാവ. മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്‍മണ്‍ ഉടേക്കര്‍ ആണ്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സംഭാജി മഹാരാജ് ആയി എത്തിയിരിക്കുന്നത് വിക്കി കൗശല്‍ ആണ്. ഹിന്ദിയില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിയത് ഇന്നലെ ആയിരുന്നു. ഹിന്ദിയില്‍ വമ്പന്‍ വിജയം നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനോട് പ്രേക്ഷകര്‍ താല്‍പര്യം കാട്ടുന്നുണ്ടോ? ഇപ്പോഴിതാ അതിന്‍റെ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ ഗീത ആര്‍ട്സ് ആണ് തെലുങ്ക് പതിപ്പ് ആന്ധ്രയിലും തെലുങ്കാനയിലും വിതരണം ചെയ്തിരിക്കുന്നത്. 550 ല്‍ ഏറെ സ്ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് എത്തിയിരിക്കുന്നത്. ആദ്യ ദിനം ചിത്രം 2.5 കോടിക്കും 3.03 കോടിക്കും ഇടയിലാണ് ചിത്രം നേടിയിരിക്കുന്നതെന്ന് വിവിധ ട്രാക്കര്‍മാര്‍ പറയുന്നു. ഒരു ഒറിജിനല്‍ ബോളിവുഡ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്.
അതേസമയം ഛാവ ഇന്ത്യയില്‍ നിന്ന് 22 ദിവസം കൊണ്ട് 500 കോടി പിന്നിട്ടിട്ടുണ്ട്. 502.7 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസ് അറിയിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ഉടേക്കറിനൊപ്പം റിഷി വിര്‍മാനി, കൗസ്തുഭ് സവര്‍ക്കര്‍, ഉന്‍മന് ബാങ്കര്‍, ഓംകാര്‍ മഹാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിവജി സാവന്തിന്‍റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ലക്ഷ്മണ്‍ ഉടേക്കര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദാന, അക്ഷയ് ഖന്ന, ഡയാന പെന്‍റി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലേത്.
ALSO READ : രസകരമായ കഥയുമായി 'വത്സല ക്ലബ്ബ്'; ഫസ്റ്റ് ലുക്ക് എത്തി