വിക്രത്തിന്‍റെ 'കോബ്ര' വിജയമോ? ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

By Web TeamFirst Published Sep 11, 2022, 2:36 PM IST
Highlights

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അജയ് ജ്ഞാനമുത്തുവാണ്

കോളിവുഡ് വിജയപ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിക്രം നായകനായ കോബ്ര. വലിയ ഫാന്‍ ഫോളോവിം​ഗ് ഉള്ള വിക്രത്തിന്‍റെ ഒരു ചിത്രം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്റര്‍ റിലീസ് ആയി എത്തുന്നത് എന്നതായിരുന്നു അതിന് പ്രധാന കാരണം. തമിഴ്നാട്ടില്‍ ലഭിച്ച വന്‍ അഡ്വാന്‍സ് ബുക്കിം​ഗ് ഇതിന്‍റെ തെളിവായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മികച്ച അഡ്വാന്‍സ് ബുക്കിം​ഗ് ലഭിച്ചതിനാല്‍ തരക്കേടില്ലാത്ത ഓപണിം​ഗ് ലഭിച്ചെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ ബോക്സ് ഓഫീസില്‍ കാര്യമായുള്ള പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ഓ​ഗസ്റ്റ് 31 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ വാര ആ​ഗോള ​ഗ്രോസ് കളക്ഷന്‍ പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ടിട്ടുണ്ട്.

ഇതുപ്രകാരം ഒരാഴ്ചത്തെ ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ് 63.5 കോടിയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ (15 കോടി രൂപ) വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും എത്തിയിരിക്കുന്നത്. 28.78 കോടിയാണ് തമിഴ്നാട് കളക്ഷന്‍. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 11 കോടിയും കര്‍ണാചടകത്തില്‍ നിന്ന് 4.1 കോടിയും കേരളത്തില്‍ നിന്ന് 4 കോടിയും നേടിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ അമ്പേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം നടത്തിയത്. വെറും 65 ലക്ഷം മാത്രമാണ് ഇവിടെ നിന്ന് നേടാനായത്. 90 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

ALSO READ : റിലീസ് ദിനത്തെ മറികടന്ന് രണ്ടാംദിനം; ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി 'ബ്രഹ്‍മാസ്ത്ര'

 

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ്.എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

click me!