അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം

ഇങ്ങനെ ഒരു പ്രേക്ഷക സ്വീകാര്യതയ്ക്കാണ് ബോളിവുഡ് ഏറെക്കാലമായി കാത്തിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പുകള്‍ പോലും വന്‍ വിജയങ്ങള്‍ നേടുമ്പോള്‍ തുടര്‍പരാജയങ്ങളായിരുന്നു ബോളിവുഡിന്. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ക്കുപോലും അതിനൊരു അറുതി വരുത്താന്‍ ആയിരുന്നില്ല. ഇപ്പോഴിതാ ബോളിവുഡിന്‍റെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു ചിത്രം വന്‍ ഇനിഷ്യലുമായി ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ബ്രഹ്‍മാസ്ത്രയാണ് ആ ചിത്രം.

ഏറ്റവും മികച്ചത് എന്നല്ല ചിത്രത്തെക്കുറിച്ച് ആദ്യ ദിനത്തില്‍ ഉയര്‍ന്ന അഭിപ്രായം. മറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നു റിലീസ് ദിനത്തില്‍ ചിത്രം കണ്ട പ്രേക്ഷകരുടേത്. എന്നാല്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രം ബ്രഹ്‍മാസ്ത്ര ആയിരുന്നു. രണ്‍ബീറിന്‍റെ പഴയ അഭിമുഖത്തിലെ ബീഫ് പരാമര്‍ശം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണാഹ്വാനവും നടന്നിരുന്നു. എന്നാല്‍ ആദ്യ ദിനം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയാണ് ചിത്രം ആദ്യ ദിനത്തില്‍ നേടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

Scroll to load tweet…

85 കോടിയാണ് രണ്ടാം ദിനമായ ശനിയാഴ്ച ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. അതായത് ആദ്യ രണ്ട് ദിനങ്ങളിലായി 160 കോടി രൂപ! ബോളിവുഡ് ചിത്രങ്ങളുടെ സമീപകാല ബോക്സ് ഓഫീസ് പ്രകടനവുമായി താരതമ്യം ചെയ്താല്‍ സമാനതകളില്ലാത്ത വിജയമാണഅ ബ്രഹ്‍മാസ്ത്ര നേടുന്നത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചുതുടങ്ങിയതിനാല്‍ ഞായറാഴ്ചത്തെ കളക്ഷന്‍ ഇതിനും മുകളില്‍ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. മികച്ച അഡ്വാന്‍സ് ബുക്കിംഗുമാണ് ചിത്രം ഞായറാഴ്ച നേടിയിരിക്കുന്നത്.

ALSO READ : 'കരിക്ക്' താരം ശ്രുതി വിവാഹിതയായി; വരന്‍ 'പാല്‍തു ജാന്‍വര്‍' സംവിധായകന്‍

ആഗോള ബോക്സ് ഓഫീസില്‍ ബ്രഹ്മാസ്ത്ര ഈ വാരാന്ത്യത്തില്‍ നമ്പര്‍ 1 ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴത്തെ കളക്ഷന്‍ തുടര്‍ന്നാല്‍ ആഗോള ബോക്സ് ഓപീസില്‍ ചിത്രം 7-8 മില്യണ്‍ ഡോളര്‍ നേടിയേക്കുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ചിത്രം ഗിവ് മി 5 നെ മറികടന്ന് ബ്രഹ്‍മാസ്ത്ര ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ ഒന്നാമനെത്തും. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.