
കോളിവുഡ് ഈ വര്‍ഷം കാത്തിരുന്ന ഏറ്റവും ശ്രദ്ധേയ ചിത്രമായിരുന്നു കൂലി. തമിഴ് യുവതലമുറയിലെ ഏറ്റവും ജനപ്രീതി നേടിയവരില്‍ ഒരാളായ ലോകേഷ് കനകരാജ് ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്‍പി. ഒപ്പം മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള വന്‍ താരനിര വേറെയും. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന കാത്തിരിപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. റിലീസിന് മുന്‍പ് തന്നെ പ്രീ ബുക്കിംഗിലൂടെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തമിഴ് സിനിമയിലെ റെക്കോര്‍ഡ് ഓപണിംഗുമാണ് ചിത്രം നേടിയത്. മറ്റ് ചില റെക്കോര്‍ഡുകളും ചിത്രം നേടിയിരുന്നു. എന്നാല്‍ ഒരു റിലീസ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ ആദ്യ പരീക്ഷണ ദിനമായ തിങ്കളാഴ്ച കൂലിക്ക് കാര്യമായ തിരിച്ചടി നേരിട്ടു. മണ്‍ഡേ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ഞായറാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 35.25 കോടി ആയിരുന്നു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും ചേര്‍ന്ന് നേടിയ കളക്ഷന്‍ ആയിരുന്നു ഇത്. എന്നാല്‍ തിങ്കളാഴ്ച ഇത് 12.15 കോടിയായി കുറഞ്ഞു. അതായത് 35 ശതമാനത്തിന്‍റെ ഇടിവ്. തമിഴ്നാട്ടിലെ പ്രമുഖ ട്രാക്കര്‍മായാ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തമിഴ്നാട്ടില്‍ ഞായറാഴ്ച അതിലും വലിയ ഇടിവാണ് നേരിട്ടത്. ഇത് പ്രകാരം തമിഴ്നാട്ടില്‍ തിങ്കളാഴ്ച ചിത്രം നേടിയത് 5.52 കോടിയാണ്. തിങ്കളാഴ്ചത്തെ കളക്ഷനുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് 67 ശതമാനത്തിന്‍റെ ഇടിവ് ആണെന്നും സിനിട്രാക്ക് പറയുന്നു.
അതേസമയം തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് കൂലി. ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷന്‍ നേടിയ ചിത്രവും. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഞായറാഴ്ചയ്ക്കുള്ളില്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രേക്ഷകപ്രീതി നേടാന്‍ സാധിച്ചിട്ടില്ല. മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇത് കളക്ഷനെ എത്തരത്തില്‍ ബാധിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.