
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ഇന്ന് നടനായും തിളങ്ങുന്ന അദ്ദേഹത്തിന്റേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയുണ്ട്, സി ഐ ഡി മൂസ 2. ചിത്രം വരുന്നുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഷൂട്ടിംഗ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തിൽ മൂസയുടെ ബജറ്റിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
അന്നത്തെ കാലത്ത് മൂന്ന് കോടി രൂപയുടെ ബജറ്റിലാണ് സി ഐ ഡി മൂസ ഒരുക്കിയതെന്നും ഇന്നാണെങ്കിലത് 100 കോടി വരുമെന്നും ജോണി ആന്റണി പറഞ്ഞു. തൊണ്ണൂറ്റി അഞ്ച് ദിവസമെടുത്താണ് ഷൂട്ടിംഗ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സിനിമയുടെ പ്രമോഷനിടെ ഫിൽമി ബീറ്റിനോട് ആയിരുന്നു ജോണി ആന്റണിയുടെ വെളിപ്പെടുത്തൽ.
"അന്നത്തെ കാലത്ത് സിഐഡി മൂസ 3 കോടി ബജറ്റിലാണ് ചെയ്തത്. കൊച്ചി രാജാവ് അത്രയും ആയില്ല. പട്ടണത്തിൽ ഭൂതം ആറ് കോടിക്കാണ് ചെയ്തത്. അതാണ് ഏറ്റവും കൂടുതൽ ബജറ്റ് വന്ന സിനിമ. മാസ്റ്റേഴ്സ് അഞ്ച് കോടിയിൽ നിന്നു. ഞാൻ ഉറപ്പിച്ച് പറയാം, ഇന്ന് 100 കോടി എങ്കിലും മൂസക്കാകും. ആ സിനിമയുടെ ഫൂട്ടേജുകൾ ആലോചിച്ച് നോക്കണം. അത്രയും ഫൂട്ടേജ്, അത്രയും വർക്കുകൾ ചെയ്യാനെടുത്ത് 95 ദിവസമാണ്. ഇന്നൊരു ചെറിയ പടത്തിന് ആവും 95 ദിവസം. ദൈവം കൂടെ നിന്ന പടമാണ് മൂസ. നമ്മളൊന്നും അല്ല അതിലൊരു വലിയ ശക്തി പ്രവർത്തിച്ചിട്ടുണ്ട്", എന്നായിരുന്നു ജോണി ആന്റണിയുടെ വാക്കുകൾ.
ആദ്യഭാഗം എങ്ങനെ തുടങ്ങിയോ, ആ ഊർജ്ജത്തിൽ ഒന്നിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ മൂസ 2 സംഭവിക്കുമെന്നും അതിന് വേണ്ടി കഴിവിന്റെ പരമാവധി താൻ ശ്രമിക്കുമെന്നും ജോണി ആന്റണി നേരത്തെ പറഞ്ഞിരുന്നു. 2003ൽ റിലീസ് ചെയ്ത ചിത്രമാണ് ദിലീപ് നായകനായി എത്തിയ സിഐഡി മൂസ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..