നിവിൻ പോളിയുടെ തിരിച്ചുവരവ് ചിത്രമായ സർവ്വം മായ ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ചിത്രം എന്ന നിലയില്‍ സിനിമാപ്രേമികള്‍ കൊണ്ടാടിയ ഒന്നാണ് സര്‍വ്വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഒരു മാസം പിന്നിടാന്‍ പോവുമ്പോഴും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുണ്ട്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയ സര്‍വ്വം മായ മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ലിസ്റ്റില്‍ ഒരു ചുവട് കൂടി മുന്നേറിയിരിക്കുകയാണ് ചിത്രം. ഒപ്പം നിവിന്‍ പോളി ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ലിന് അരികിലേക്കും എത്തിയിരിക്കുന്നു.

ഹയസ്റ്റ് ഗ്രോസേഴ്സ്

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. തിയറ്ററുകളില്‍ 24 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയത് 141 കോടി ആണെന്ന് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. നേരത്തെ ലൂസിഫറിനെ മറികടന്നാണ് ചിത്രം മോളിവുഡിന്‍റെ ഓള്‍ ടൈം ടോപ്പ് 10 കളക്ഷനില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ അതേ ലിസ്റ്റില്‍ പ്രേമലുവിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. കരിയറിലെ ആദ്യ 150 കോടി നേട്ടവും നിവിന് അരികെയാണ് ഇപ്പോള്‍. ഈ വാരാന്ത്യത്തിലും മികച്ച ഒക്കുപ്പന്‍സി ചിത്രം നേടുന്നുണ്ട്. അടുത്ത വാരത്തിലേക്കും അത് നീണ്ടാല്‍ ഉറപ്പായും ആ നേട്ടം സ്വന്തമാവും. നാലാം വാരത്തിലും ഈ തരത്തില്‍ ഒരു ചിത്രം കളക്ഷന്‍ നേടുക അപൂര്‍വ്വമാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 24-ാം ​ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 1.45 കോടിയാണ്. ആദ്യ കണക്ക് ആണിതെന്നും മാറ്റം വന്നേക്കാമെന്നും അവര്‍ അറിയിക്കുന്നുമുണ്ട്. പൊങ്കല്‍ സീസണില്‍ സ്ക്രീന്‍ കൗണ്ട് കുറവാണെങ്കിലും തമിഴ്നാട്ടിലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയുണ്ട്. ഹൊറര്‍ കോമഡിയാണ് ജോണര്‍ എങ്കിലും കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫയര്‍ഫ്ലൈ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും റിയ ഷിബുവുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി എന്നിവരും പ്രാധാന്യമുള്ള റോളുകളില്‍ എത്തിയിട്ടുണ്ട്.

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news