
ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഓണം പോലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ ഈ കോമ്പോയുടെ ചിത്രം എത്തുന്നു എന്നതും ഇന്‍ഡസ്ട്രിക്ക് പ്രതീക്ഷ ഉണ്ടാക്കിയ ഘടകമാണ്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് ഫീല്‍ ഗുഡ് ചിത്രമെന്ന് പോസിറ്റീവ് അഭിപ്രായം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച റിലീസ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഒരു വിദേശ മാര്‍ക്കറ്റില്‍ നിന്നുള്ള ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് വിതരണക്കാര്‍.
നോര്‍ത്ത് അമേരിക്കയില്‍ (യുഎസ്, കാനഡ) നിന്നുള്ള കണക്കാണ് ഇത്. പ്രൈം മീഡിയയാണ് ചിത്രം നോര്‍ത്ത് അമേരിക്കയില്‍ വിതരണം ചെയ്തിരിക്കുന്നത്. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 4 ലക്ഷം ഡോളര്‍ ആണ് ചിത്രം നേടിയിട്ടുള്ളതെന്ന് വിതരണക്കാര്‍ പറയുന്നു. 3.52 കോടി രൂപയ്ക്ക് തതുല്യമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനുമാണ്. അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണു കഥ.
ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.