വെറും 10 ദിവസം കൊണ്ടാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി പിന്നിട്ടത്
മലയാള സിനിമയുടെ വാണിജ്യപരമായ വളര്‍ച്ച ദൃശ്യമാകുന്ന വര്‍ഷങ്ങളാണ് ഇത്. 100 കോടി ക്ലബ്ബ് പോലും അന്യമായിരുന്ന ഒരു കാലത്തുനിന്ന് 300 കോടി ക്ലബ്ബും സാധ്യമാകുന്ന അവസ്ഥയിലേക്ക് മോളിവുഡ് വളര്‍ന്നുകഴിഞ്ഞു. കച്ചവടപരമായി മാത്രമല്ല കലാപരമായ മികവിനാല്‍ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി ഇന്ന് മലയാള സിനിമ നേടുന്നു. ഒരുപക്ഷേ ഈ മികവ് തന്നെയാണ് മലയാള സിനിമയുടെ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതും. ഓരോ വര്‍ഷം ചെല്ലുന്തോറും 100 കോടി പിന്നിടുന്ന ചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ നിവിന്‍ പോളി നായകനായ സര്‍വ്വം മായയും 100 കോടി നേട്ടം കൈവരിച്ചതോടെ മലയാളത്തില്‍ ഈ നേട്ടം കൈവരിച്ച 13 ചിത്രങ്ങള്‍ ആയി. സര്‍വ്വം മായയിലൂടെ നിവിന്‍ പോളി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇപ്പോള്‍.
ചിത്രം 125 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കള്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇപ്പോള്‍ 130 കോടിയും പിന്നിട്ടിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ ഇതുവരെ 130.5 കോടി ആയി. ഇതോടെ മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് സര്‍വ്വം മായയും എത്തി. 129 കോടി ലൈഫ് ടൈം കളക്ഷന്‍ ഉള്ള ലൂസിഫറിനെ പിന്തള്ളിയാണ് സര്‍വ്വം മായ ഈ നേട്ടം സ്വന്തമാക്കിയത്.
ചിത്രങ്ങളും കളക്ഷനും
ലോക ചാപ്റ്റര്‍ 1 ചന്ദ്ര, എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ്, തുടരും, 2018, ആടുജീവിതം, ആവേശം, പുലിമുരുകന്‍, പ്രേമലു എന്നിവയാണ് മലയാളത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ 9 ചിത്രങ്ങള്‍. ഇതില്‍ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഏക ചിത്രം ലോകയാണ്. എമ്പുരാന്‍ 268 കോടി നേടിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് 242 കോടിയും തുടരും 235 കോടിയും നേടി. അഞ്ചാം സ്ഥാനത്തുള്ള 2018, 177 കോടിയും ആറാം സ്ഥാനത്തുള്ള ആടുജീവിതം 158 കോടിയും നേടിയിട്ടുണ്ട്. 156 കോടിയാണ് ആവേശത്തിന്‍റെ കളക്ഷന്‍. പുലിമുരുകന്‍ 140 കോടിയിലേറെ നേടിയപ്പോള്‍ പ്രേമലുവിന്‍റെ ലൈഫ് ടൈം 136 കോടി ആയിരുന്നു.
അതേസമയം മമ്മൂട്ടി, ദുല്‍ഖര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊന്നും ഇല്ലാത്ത നേട്ടമാണ് സര്‍വ്വം മായയിലൂടെ നിവിന്‍ പോളി സ്വന്തമാക്കിയിരിക്കുന്നത്. അത് വിജയങ്ങള്‍ ഇല്ലാതിരുന്ന ഒരു ഇടവേളയ്ക്ക് ശേഷമാണ് എന്നത് നിവിനെ സംബന്ധിച്ച് നേട്ടത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു.



