കേരളത്തില്‍ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി പ്രദീപ് രംഗനാഥന്‍; 'ഡ്യൂഡ്' 10 ദിവസത്തില്‍ നേടിയത്

Published : Oct 27, 2025, 11:24 AM IST
dude becomes highest grossing pradeep ranganathan movie in kerala

Synopsis

തമിഴ് താരം പ്രദീപ് രംഗനാഥന്‍റെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് കേരള ബോക്സ് ഓഫീസിൽ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് കളക്ഷൻ സ്വന്തമാക്കി. 

തമിഴ് സിനിമയിലെ പുതിയ താരോദയമാണ് പ്രദീപ് രംഗനാഥന്‍. കരിയറില്‍ നായകനായി അഭിനയിച്ച എല്ലാ ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു എന്ന അപൂര്‍വ്വ റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തമാണ്. ഏത് യുവതാരത്തിനും സ്വപ്നം പോലും കാണാനാവാത്ത നേട്ടം. ഇപ്പോഴിതാ ഡ്യൂഡ് എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ കേരളത്തിലെ തന്‍റെ കരിയര്‍ ബെസ്റ്റ് കളക്ഷനും സ്വന്തമാക്കിയിരിക്കുകയാണ് പ്രദീപ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ഡ്യൂഡ് കേരളത്തില്‍ നിന്ന് ആദ്യ 10 ദിനങ്ങളില്‍ നേടിയിരിക്കുന്നത് 3.78 കോടി രൂപയാണ്. ഇതിന് മുന്‍പ് പ്രദീപ് നായകനായവയില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയിരുന്ന ഡ്രാഗണിനെയാണ് ഡ്യൂഡ് മറികടന്നിരിക്കുന്നത്. 3.70 കോടി ആയിരുന്നു ഡ്രാഗണിന്‍റെ കേരള ലൈഫ് ടൈം ഗ്രോസ്. 

അതേസമയം ആറ് ദിവസം കൊണ്ട് തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമ ആയിരുന്നു. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയറ്ററുകൾതോറും പ്രായഭേദമന്യേ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയ ഒരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും എത്തുന്നു. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.

മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തില്‍ രണ്‍വീര്‍ സിം​ഗിന് ഫാന്‍സ് ഉണ്ടോ? 'ധുരന്ദര്‍' 5 ദിവസം കൊണ്ട് നേടിയത്
17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ