മലയാളത്തിലെ കോടി ക്ലബ്ബുകളുടെ തുടക്കം; ബോക്സ് ഓഫീസിലെ ആദ്യ ഒരു കോടി, അഞ്ച് കോടി ചിത്രങ്ങള്‍

By Web TeamFirst Published Oct 1, 2021, 11:39 AM IST
Highlights

മലയാള സിനിമകളുടെ ബോക്സ് ഓഫീസില്‍ ആദ്യമായി ഒരു കോടിയും അഞ്ചു കോടിയും നേടിയ സിനിമകള്‍

വൈഡ് റിലീസ് വ്യാപകമായ കാലത്തിനു മുന്‍പ് സിനിമകളുടെ വിജയത്തിന്‍റെ അളവുകോലായി പരിഗണിക്കപ്പെടുന്ന പ്രധാന വസ്‍തുത അവ തിയറ്ററുകളില്‍ ഓടിയ കാലയളവായിരുന്നു. പ്രധാന സെന്‍ററുകളില്‍ 100, 150, 365 ദിവസങ്ങളൊക്കെ പ്രധാന സെന്‍ററുകളില്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം സ്പെഷല്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വൈഡ് റിലീസ് വ്യാപകമായതോടെ തിയറ്ററുകളില്‍ എത്ര ദിവസം ഓടി എന്നതിനേക്കാള്‍ സിനിമകളുടെ വിജയത്തിന്‍റെ അളവുകോല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ ആയി. മോഹന്‍ലാലിന്‍റെ (Mohanlal) വൈശാഖ് ചിത്രം 'പുലിമുരുകന്‍' (Pulimurugan) ആണ് ബോക്സ് ഓഫീസ് (Box Office) കണക്കുകള്‍ പോസ്റ്ററില്‍ പരസ്യത്തിനായി ഉപയോഗിച്ച മലയാളത്തിലെ ആദ്യ ചിത്രം. 100 കോടി, 150 കോടി, 200 കോടി ക്ലബ്ബുകളൊക്കെ മലയാള സിനിമകളുടെ പേരിലും പിന്നീട് കൂട്ടിവായിക്കപ്പെട്ടു. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) അരങ്ങേറ്റ സംവിധാന സംരംഭം 'ലൂസിഫര്‍' (Lucifer) ആയിരുന്നു മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ചിത്രം. എന്നാല്‍ മലയാളത്തിലെ കോടി ക്ലബ്ബുകള്‍ക്ക് മലയാളത്തില്‍ തുടക്കമിട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്? മലയാള സിനിമകളുടെ ബോക്സ് ഓഫീസില്‍ ആദ്യമായി ഒരു കോടിയും അഞ്ചു കോടിയും നേടിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

 

മമ്മൂട്ടിയെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കൈപിടിച്ച് കയറ്റിയ ജോഷി ചിത്രം 'ന്യൂഡെല്‍ഹി'യാണ് (New Delhi Malayalam Movie) മലയാളത്തില്‍ ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥ ഡെന്നിസ് ജോസഫിന്‍റേതായിരുന്നു. ജോഷി തന്നെയാണ് ഒരു മുന്‍ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ജോഷി പറഞ്ഞത്- "ന്യൂ ഡെല്‍ഹി ഇവിടെ റിലീസ് ചെയ്യുമ്പോള്‍ ഞങ്ങളെല്ലാവരും 'നായര്‍ സാബി'ന്‍റെ ഷൂട്ടിംഗുമായി കശ്‍മീരിലാണ്. അന്ന് കേരളവുമായി പെട്ടെന്നൊന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ല. മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. എന്‍റെ തന്നെ നാല് പടങ്ങള്‍ പൊട്ടിനില്‍ക്കുകയാണ്. നമ്മുടെയൊക്കെ കാലം കഴിഞ്ഞോ എന്ന പേടി പോലുമുണ്ടായി. റിലീസിന്‍റെ സമയത്ത് പ്രേക്ഷകര്‍ ചിത്രം എങ്ങനെ സ്വീകരിച്ചു എന്നറിയാതെ ഞങ്ങളാകെ ടെന്‍ഷനിലായിരുന്നു. നാലഞ്ച് മണിയായപ്പോള്‍ 'നായര്‍ സാബി'ന്‍റെ ഷൂട്ടിംഗ് നിര്‍ത്തി. നിര്‍മ്മാതാവ് ജോയി തോമസിന്‍റെ ഫോണ്‍ വരുന്നത് വൈകുന്നേരം ഏഴ് മണിക്കാണ്. അദ്ദേഹം മാറ്റിനി കഴിഞ്ഞ ഉടനെ തന്നെ ട്രങ്ക് ബുക്ക് ചെയ്തിരുന്നു. അന്ന് മൊബൈല്‍ ഫോണൊന്നും ഇല്ലല്ലോ. ഞാനാണ് ഫോണ്‍ എടുക്കുന്നത്. സൂപ്പര്‍ഹിറ്റ് ആണെന്ന് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ സമാധാനമായി. മമ്മൂട്ടിക്ക് അത് വലിയ ആശ്വാസമായി. മലയാളത്തില്‍ ആദ്യം ഒരു കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ന്യൂ ഡെല്‍ഹിയാണ്", ജോഷി പറഞ്ഞു.

 

അതേസമയം മലയാളത്തിലെ ആദ്യ അഞ്ച് കോടി ക്ലബ്ബ് ചിത്രം മോഹന്‍ലാലിന്‍റെ പേരിലാണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1991ല്‍ പുറത്തെത്തിയ 'കിലുക്ക'മാണ് (Kilukkam) ആ ചിത്രം. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഗുഡ്‍നൈറ്റ് മോഹനാണ് ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ച് അടുത്തിടെ വ്യക്തമാക്കിയത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ- "അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം. അയ്യര്‍ ദി ഗ്രേറ്റിന് 50 ലക്ഷം രൂപയായിരുന്നു ചെലവെങ്കില്‍ കിലുക്കത്തിന്‍റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. ചെലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാവുമെന്നും പ്രിവ്യൂ കണ്ടതിനു ശേഷം പ്രിയദര്‍ശനോട് ഞാന്‍ ചോദിച്ചു. കുറേ തമാശയുണ്ടെന്നല്ലാതെ 'കഥ' എന്നൊന്നും കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞു. പക്ഷേ പ്രിയന്‍റെ ഒരു കോണ്‍ഫിഡന്‍സ് സമ്മതിക്കാതെ പറ്റില്ല.  ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം കളക്റ്റ് ചെയ്‍താല്‍ മറ്റു ഭാഷകളിലേക്കുള്ള റൈറ്റ്സ് എനിക്ക് തരുമോ എന്ന് പ്രിയന്‍ ചോദിച്ചു. അന്നൊക്കെ പ്രിയദര്‍ശന്‍റെയൊക്കെ ശമ്പളം 50,000, 60,000 ഒക്കെയാണ്. അന്ന് എന്‍റെ ഒരു സിനിമയും ഒരു കോടി കളക്റ്റ് ചെയ്‍തിട്ടില്ല. മലയാള സിനിമയ്ക്ക് അത്രയും കളക്ഷന്‍ വരും എന്ന കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നു. ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരുകയാണെങ്കില്‍ എല്ലാ റൈറ്റ്സും നീ എടുത്തോ എന്ന് പ്രിയനോട് ഞാന്‍ പറഞ്ഞു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്‍തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്‍തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് പ്രിയന്‍ അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്‍റെ റെക്കോര്‍ഡ് ആയിരുന്നു", ഗുഡ്‍നൈറ്റ് മോഹന്‍ പറഞ്ഞു.

click me!