ചെലവായത് 60 ലക്ഷം; 30 വര്‍ഷം മുന്‍പ് 'കിലുക്കം' നേടിയ കളക്ഷനെക്കുറിച്ച് നിര്‍മ്മാതാവ്

By Web TeamFirst Published Sep 23, 2021, 8:28 PM IST
Highlights

അതിനു മുന്‍പ് താന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമ മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത 'അയ്യര്‍ ദി ഗ്രേറ്റ്' ആയിരുന്നുവെന്ന് മോഹന്‍ പറയുന്നു. പക്ഷേ കിലുക്കം ബജറ്റില്‍ ആ ചിത്രത്തെ മറികടന്നെന്നും

മലയാളത്തിലെ എക്കാലത്തെയും റീവാച്ചബിള്‍ സിനിമകളിലൊന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ 'കിലുക്കം'. 1991 മാര്‍ച്ച് 15ന് തിയറ്ററുകളിലെത്തിയ ചിത്രം മുപ്പത് വര്‍ഷത്തിനു ശേഷവും തുടര്‍ച്ചയായ ടെലിവിഷന്‍ പ്രദര്‍ശനങ്ങളില്‍ പ്രേക്ഷകരെ നേടുന്നുണ്ട്. എന്നാല്‍ അക്കാലത്ത് ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഈ ചിത്രം നേടിയ കളക്ഷന്‍ എത്രയാണ്? മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റുകളുടെ കളക്ഷന്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാവുമ്പോള്‍ പലരും പറയുന്ന പേരാണ് കിലുക്കത്തിന്‍റേത്. പക്ഷേ അവതരിപ്പിക്കപ്പെടുന്ന കണക്കുകള്‍ വ്യത്യസ്‍തമായിരിക്കും. ഇപ്പോഴിതാ ചിത്രം നേടിയ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഗുഡ്‍നൈറ്റ് മോഹന്‍. സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് ഗുഡ്‍നൈറ്റ് മോഹന്‍ കിലുക്കത്തിന്‍റെ കളക്ഷന്‍ കണക്ക് വെളിപ്പെടുത്തിയത്.

അതിനു മുന്‍പ് താന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമ മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത 'അയ്യര്‍ ദി ഗ്രേറ്റ്' ആയിരുന്നുവെന്ന് മോഹന്‍ പറയുന്നു. പക്ഷേ കിലുക്കം ബജറ്റില്‍ ആ ചിത്രത്തെ മറികടന്നെന്നും. കിലുക്കത്തിന്‍റെ പ്രിവ്യൂ കണ്ടപ്പോള്‍ ഇത് വിജയിക്കുമോ എന്ന് തനിക്ക് സംശയം തോന്നിയെന്നും ആ സംശയം പ്രിയദര്‍ശനോട് വെളിപ്പെടുത്തിയിരുന്നെന്നും മോഹന്‍ വ്യക്തമാക്കുന്നു- "അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം. അയ്യര്‍ ദി ഗ്രേറ്റിന് 50 ലക്ഷം രൂപയായിരുന്നു ചെലവെങ്കില്‍ കിലുക്കത്തിന്‍റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. ചെലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാവുമെന്നും പ്രിവ്യൂ കണ്ടതിനു ശേഷം പ്രിയദര്‍ശനോട് ഞാന്‍ ചോദിച്ചു. കുറേ തമാശയുണ്ടെന്നല്ലാതെ 'കഥ' എന്നൊന്നും കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞു. പക്ഷേ പ്രിയന്‍റെ ഒരു കോണ്‍ഫിഡന്‍സ് സമ്മതിക്കാതെ പറ്റില്ല", മോഹന്‍ പറയുന്നു.

 

"ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം കളക്റ്റ് ചെയ്‍താല്‍ മറ്റു ഭാഷകളിലേക്കുള്ള റൈറ്റ്സ് എനിക്ക് തരുമോ എന്ന് പ്രിയന്‍ ചോദിച്ചു. അന്നൊക്കെ പ്രിയദര്‍ശന്‍റെയൊക്കെ ശമ്പളം 50,000, 60,000 ഒക്കെയാണ്. അന്ന് എന്‍റെ ഒരു സിനിമയും ഒരു കോടി കളക്റ്റ് ചെയ്‍തിട്ടില്ല. മലയാള സിനിമയ്ക്ക് അത്രയും കളക്ഷന്‍ വരും എന്ന കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നു. ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരുകയാണെങ്കില്‍ എല്ലാ റൈറ്റ്സും നീ എടുത്തോ എന്ന് പ്രിയനോട് ഞാന്‍ പറഞ്ഞു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്‍തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്‍തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് പ്രിയന്‍ അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്‍റെ റെക്കോര്‍ഡ് ആയിരുന്നു", ഗുഡ്‍നൈറ്റ് മോഹന്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!