മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച് 'ജനനായകന്‍', ഇതുവരെ നേടിയത്

Published : Jul 22, 2026, 11:58 AM IST
jana nayagan day 1 advance booking box office collection thalapathy vijay h vinoth

Synopsis

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനനായകന്‍ നാളെ റിലീസ് ചെയ്യുകയാണ്

കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്‍റെ അവസാന ചിത്രം. അക്കാരണത്താല്‍ തന്നെ പ്രഖ്യാപനത്തിന് മുന്‍പേ ഹൈപ്പ് ലഭിച്ചു തുടങ്ങിയ ചിത്രമാണ് ജനനായകന്‍. അന്ന് മുതല്‍ നാളെ റിലീസ് ദിനം വരെ ഒരു വിജയ് ചിത്രത്തെ വെല്ലുന്ന നാടകീയത ഈ പ്രോജക്റ്റിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണ്‍ ആയിരുന്ന പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയാണ് നീണ്ടത്. എല്ലാത്തിനുമൊടുവില്‍ ചിത്രം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇത്രയും വൈകിയത് ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ ബാധിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് അഡ്വാന്‍സ് ബുക്കിംഗ് നല്‍കുന്ന സൂചന.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കാണ് ഇത്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം തിയറ്റര്‍ ഒക്കുപ്പന്‍സിയും. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് പുതിയ ഷോകള്‍ ആഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം ബുക്കിംഗ് ആണ് ഇത്. 6.71 ലക്ഷം ടിക്കറ്റുകള്‍ ചിത്രം ഇതിനകം ഇന്ത്യയില്‍ വിറ്റുവെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സാക്നില്‍ക് തന്നെ ഇന്നലെ പുറത്തുവിട്ട ആഗോള കണക്ക് പ്രകാരം ചിത്രം നേടിയ ഗ്രോസ് 30 കോടി ആയിരുന്നു. മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ ബുക്ക് മൈ ഷോയില്‍ ഒരു ഘട്ടത്തില്‍ ചിത്രം വിറ്റിരുന്നു. ബെംഗളൂരുവില്‍ ജനനായകന്‍ ആദ്യ ഷോ ടിക്കറ്റുകള്‍ 100 രൂപ മുതല്‍ 2500 രൂപയ്ക്ക് വരെ ലഭ്യമാണ്. മള്‍ട്ടിപ്ലെക്സ് റിക്ലൈനര്‍ സീറ്റുകള്‍ക്ക് ബെംഗളൂരുവില്‍ പല സെന്‍ററുകളിലും 2500 രൂപ വരെയാണ്. സെന്‍സര്‍ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ടുപോയ ഇടവേളയില്‍ ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗില്‍ ഇതിന്‍റെ സ്വാധീനം പ്രകടമാണെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും വിജയിന്‍റെ ആദ്യ ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഇത് മിസ് ആക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഓപണിംഗില്‍ ചിത്രം 100 കോടി നേടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായാണ് ഇന്‍ഡസ്ട്രി കാത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്.

PREV
Read more Articles on
click me!

Recommended Stories

വെറും 3 ദിവസം കൊണ്ട് ബജറ്റ് റിക്കവറി! നോളന്‍റെ 'ഒഡീസ്സി'യുടെ ബജറ്റും ഇതുവരെ നേടിയ കളക്ഷനും
ജോജു ജോര്‍ജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്! 'വരവ്' ആദ്യദിനം നേടിയത്