
കോളിവുഡില്‍ ഏറ്റവുമധികം പ്രേക്ഷക സ്വാധീനമുള്ള താരത്തിന്‍റെ അവസാന ചിത്രം. കരിയറിന്‍റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഒപ്പം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും. ആ കരിയറിലെ അവസാന ചിത്രം എന്ന നിലയ്ക്കായിരുന്നു ജനനായകന്‍റെ പ്രീ റിലീസ് ഹൈപ്പ്. പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും ബോക്സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് ഇന്‍ഡസ്ട്രിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വീഴ്ച ചിത്രത്തിന് ആദ്യ ദിനം ബോക്സ് ഓഫീസില്‍ സംഭവിച്ചില്ല. അതേസമയം പ്രതീക്ഷിച്ചിരുന്ന ഒരു നേട്ടം ഓപണിംഗില്‍ സ്വന്തമാക്കാനുമായില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 78.27 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 48.27 കോടിയും നെറ്റ് 41 കോടിയുമാണ്. ചിത്രം ആദ്യ ദിനം 100 കോടി കടക്കുമോ എന്നതായിരുന്നു ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉയര്‍ന്നിരുന്ന ചോദ്യം. അത് സാധ്യമായില്ല. അതേസമയം തമിഴ്നാട്ടില്‍ തിയറ്ററുകളിലെ ആവറേജ് ഒക്കുപ്പന്‍സി ഇന്നലെ 90 ശതമാനത്തിന് അടുത്തായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ സംബന്ധിച്ച് വരാനുള്ള അപ്ഡേറ്റില്‍ കളക്ഷന്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെങ്കിലും 100 കോടി കടക്കാന്‍ സാധ്യതയില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
അതേസമയം വിജയിന്‍റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്. ലിയോ, ഗോട്ട് എന്നിവയാണ് ഏറ്റവും വലിയ ഓപണിംഗ് നേടിയ വിജയ് ചിത്രങ്ങള്‍. നേരത്തെ പൈറേറ്റഡ് പതിപ്പ് വലിയൊരു ശതമാനം പ്രേക്ഷകര്‍ കണ്ടു എന്നത് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഘടകമാണ്. അതേസമയം വിജയിന്‍റെ അവസാന ചിത്രം എന്നത് ആദ്യദിനം ലഭിച്ച സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യ വാരാന്ത്യ ബുക്കിംഗില്‍ ചിത്രത്തിന് നേട്ടമുണ്ടാക്കുന്നുണ്ട്. ഞായര്‍ വരെയുള്ള ദിനങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. മമിത ബൈജു ഒരു പ്രധാന റോളില്‍ ചിത്രത്തിലുണ്ട്.