
37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു തഗ് ലൈഫ് എന്ന ചിത്രത്തിന്റെ യുഎസ്പി. അതുകൊണ്ട് തന്നെ സിനിമയുടേതായി പുറത്തുവന്ന എല്ലാ പ്രമോഷൻ അപ്ഡേറ്റുകളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ട്രെന്റിങ്ങിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ കഥ മാറി. ആദ്യ ഷോ മുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. പിന്നീട് കണ്ടത്ത് തഗ് ലൈഫിന്റെ ബോക്സ് ഓഫീസ് തകർച്ചയാണ്.
തഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു. ഈ അവസരത്തിൽ തഗ് ലൈഫ് ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 200 കോടി ബജറ്റിലാണ് തഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു.
പത്തൊൻപതാം ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് തഗ് ലൈഫിന് നേടാനായത്. കഴിഞ്ഞ ദിവസം 3 ലക്ഷം ചിത്രം നേടിയിരുന്നു. 19-ാം ദിവസം 66 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 48.13 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷൻ. 50 കോടി പിന്നിടാൻ ഇനി 1.87 കോടി രൂപ തഗ് ലൈഫിന് ആവശ്യമാണ്. നികുതി ഉൾപ്പെടെ 56.79 കോടിയാണ് കമൽഹാസൻ നായകനായ ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. 41.2 കോടിയാണ് ചിത്രം വിദേശ കളക്ഷനിലൂടെ നേടിയത്. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 97.99 കോടിയാണ്.