നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കളങ്കാവല്‍' തിയറ്ററുകളിലും ഒടിടിയിലും വലിയ പ്രേക്ഷകപ്രീതി നേടി

ഭാഷാഭേദമന്യെ പ്രേക്ഷകരുടെ കൈയടി നേടിയ നിരവധി ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തെത്തിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവിലത്തെ എന്‍ട്രി ആയിരുന്നു കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 5 നാണ് തിയറ്ററുകളില്‍ എത്തിയത്. പിന്നീട് ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയി പറഞ്ഞത് മമ്മൂട്ടിയുടെ പ്രകടനമായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഈ വേറിട്ട ചിത്രം നിര്‍മ്മിച്ചതും മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി കമ്പനിക്ക് മികച്ച നേട്ടം ഉണ്ടാക്കിക്കൊടുത്ത ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ അതത് മാര്‍ക്കറ്റുകള്‍ തിരിച്ച് പുറത്തെത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വ്യത്യസ്‍ത മാര്‍ക്കറ്റുകളിലെ ബോക്സ് ഓഫീസ്

ട്രാക്കര്‍മാരായ ഫോറം റീല്‍സ് ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 37.35 കോടി ആണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 7.20 കോടി. അങ്ങനെ ഇന്ത്യയില്‍ നിന്ന് ആകെ 44.55 കോടി. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 2.9 ലക്ഷം ഡോളറും യുകെ/ അയര്‍ലന്‍ഡില്‍ നിന്ന് 3.6 ലക്ഷം ഡോളറും ജിസിസിയില്‍ നിന്ന് 3.42 മില്യണ്‍ ഡോളറും ചിത്രം നേടി. ഓസ്ട്രേലിയയില്‍ നിന്ന് 1.05 ലക്ഷം ഡോളറും ന്യൂസിലന്‍ഡില്‍ നിന്ന് 16,000 ഡോളറും. മറ്റ് വിദേശ മാര്‍ക്കറ്റുകള്‍ കൂടി ചേര്‍ത്ത് വിദേശത്തുനിന്ന് ആകെ നേടിയത് 38.64 കോടി. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയിരിക്കുന്നത് 83.19 കോടിയാണ്. ചിത്രത്തിന്‍റെ ബജറ്റ് പരിഗണിക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റ് സ്റ്റാറ്റസ് ആണ് ഇത്.

'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming