
ഇന്ത്യന്‍ സിനിമയുടെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തെത്തിയപ്പോള്‍ ഏറ്റവും ചര്‍ച്ചയായ വിഷയങ്ങളിലൊന്ന് സാന്‍ഡല്‍വുഡ് എന്ന് വിളിക്കുന്ന കന്നഡ സിനിമാ മേഖല ആയിരുന്നു. എന്നാല്‍ വിജയങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് പരാജയങ്ങളുടെ പേരിലായിരുന്നു. 2025 ന്‍റെ ആദ്യ ആറ് മാസങ്ങളില്‍ 10 കോടി പോലും കളക്റ്റ് ചെയ്ത ഒരു ചിത്രം കന്നഡ സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ ആ ദയനീയസ്ഥിതി മനസിലാവും. ഒടുവില്‍ രോഹിത് പടാകിയുടെ സംവിധാനത്തില്‍ യുവ രാജ്‍കുമാര്‍ നായകനായ എക്ക എന്ന ചിത്രം (ജൂലൈ 18 റിലീസ്) ഈ വര്‍ഷം 10 കോടി നേടുന്ന ആദ്യ കന്നഡ ചിത്രമായതായി കര്‍ണാടകത്തില്‍ നിന്നുള്ള ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ എക്കയേക്കാളും ജനപ്രീതിയുമായി തിയറ്ററുകളില്‍ ഹൗസ്‍ഫുള്‍ ഷോകളുമായി കളം നിറയുകയാണ് കന്നഡയില്‍ നിന്നുള്ള ഒരു പുതിയ റിലീസ്.
ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ് അത്. സു ഫ്രം സോ (സുലോചന ഫ്രം സോമേശ്വര) എന്ന പേരിലെത്തിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജെ പി തുമിനാട് ആണ്. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വെള്ളിയാഴ്ചയായിരുന്നു (25) ചിത്രത്തിന്‍റെ റിലീസ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ അഭിപ്രായങ്ങളാണ് നേടിയത്. ഫലം റിലീസ് ദിനത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് (2.7 മടങ്ങ്) ചിത്രം രണ്ടാം ദിനം കളക്റ്റ് ചെയ്തത്. ഞായറാഴ്ച കര്‍ണാടകത്തില്‍ ഉടനീളം ഹെവി ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 78 ലക്ഷമായിരുന്നു. എന്നാല്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിനം ഇത് 2.17 കോടിയായി വര്‍ധിച്ചു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ കളക്ഷന്‍ 2.95 കോടിയാണ്. എന്നാല്‍ നെറ്റ് കളക്ഷനാണ് ഇത്. 3.4 കോടിയാണ് ആദ്യ രണ്ട് ദിവസത്തെ ഗ്രോസ്.
തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ പി തുമിനാട്, 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ അഭിനേതാവായും ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് കന്നഡയിൽ നിന്നുള്ള പ്രേക്ഷക- നിരൂപക പ്രതികരണം. ചിരിക്കും ഹൊറർ ഘടകങ്ങൾക്കുമൊപ്പം വളരെ പ്രസക്തമായ ഒരു പ്രമേയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നും നിരൂപണങ്ങൾ പറയുന്നു. സംവിധായകൻ ജെ പി തന്നെ നായകനായ ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
അതേസമയം ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യും. ചന്ദ്രശേഖർ കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിതിൻ ഷെട്ടി, മേക്കപ്പ് റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ സുഷമ നായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാലു കുംത, അര്‍പിത് അഡ്യാർ, സംഘട്ടനം അർജുൻ രാജ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ , കളറിസ്റ്റ് രമേശ് സി പി, കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.