
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കി തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ് പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ 1. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 657 കോടി രൂപയാണ്. വെറും 13 ദിവസത്തെ കളക്ഷനാണ് ഇതെന്ന് ഓര്‍ക്കണം. എത്രത്തോളം പ്രീ റിലീസ് ഹൈപ്പ് ആണോ ഉയര്‍ത്തിയിരുന്നത്, അതിനുതക്ക പ്രതികരണങ്ങളുമാണ് ചിത്രം നേടിയത്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയിട്ടും ഒരു റെക്കോര്‍ഡ് ബുക്കില്‍ ചിത്രം ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്. ആ പട്ടികയില്‍ ഒന്നല്ല, രണ്ട് മലയാള ചിത്രങ്ങള്‍ കാന്താരയേക്കാള്‍ മുന്നിലുണ്ട്!
ഈ വര്‍ഷം വിദേശ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് അത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് രജനികാന്തിന്‍റെ തമിഴ് ചിത്രം കൂലിയാണ്. 180 കോടിയാണ് കൂലിയുടെ ഓവര്‍സീസ് ഗ്രോസ്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം ഛാവയാണ്. 171.50 കോടിയാണ് ഛാവയുടെ ഓവര്‍സീസ് ബോക്സ് ഓഫീസ്. ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 808 കോടി ആയിരുന്നു.
പട്ടികയില്‍ പിന്നീടുള്ള മൂന്ന്, നാല് സ്ഥാനങ്ങളില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ആണ്. മോഹന്‍ലാല്‍ നായകനായ എമ്പുരാനും കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്രയും. എമ്പുരാന്‍റെ ഓവര്‍സീസ് ബോക്സ് ഓഫീസ് 142.25 കോടി ആണ്. ലോകയുടേത് 119.50 കോടിയും. എന്നാല്‍ ആഗോള കളക്ഷനില്‍ എമ്പുരാനേക്കാള്‍ മുന്നില്‍ ലോകയാണ് എന്നതും കൗതുകകരമാണ്. മലയാളത്തില്‍ നിന്നുള്ള ആദ്യ 300 കോടി ക്ലബ്ബ് ചിത്രമാണ് ലോക. അതേസമയം ആകെ കളക്ഷന്‍റെ ശതമാനം നോക്കുമ്പോള്‍ മറുഭാഷാ ചിത്രങ്ങളേക്കാള്‍ ഓവര്‍സീസില്‍ കാതങ്ങള്‍ക്ക് മുന്നില്‍ മലയാള സിനിമകളാണെന്ന് കാണാം. ആകെ 808 കോടി നേടിയ ഛാവ വിദേശത്ത് നേടിയത് 171.50 കോടി ആണെങ്കില്‍ ആകെ 268 കോടി നേടിയ എമ്പുരാന്‍റെ പകുതിയില്‍ അധികം വന്നത് വിദേശത്തുനിന്നാണ്.