KGF 2 Box Office : പെരുന്നാള്‍ റിലീസുകളിലും കുലുങ്ങാതെ കേരളത്തില്‍ കെജിഎഫ് 2; 20 ദിവസത്തില്‍ നേടിയത്

Published : May 04, 2022, 05:29 PM IST
KGF 2 Box Office : പെരുന്നാള്‍ റിലീസുകളിലും കുലുങ്ങാതെ കേരളത്തില്‍ കെജിഎഫ് 2; 20 ദിവസത്തില്‍ നേടിയത്

Synopsis

ഏപ്രില്‍ 14ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2ന്‍റെ (KGF 2) പേരിലാണ്. വി എ ശ്രീകുമാറിന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ഓപണിംഗ് തകര്‍ത്തുകൊണ്ടാണ് കെജിഎഫ് 2 കേരളത്തില്‍ റെക്കോര്‍ഡ് ഇട്ടത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 7.48 കോടി ആയിരുന്നു. ഇപ്പോഴിതാ 20 ദിനങ്ങള്‍ക്ക് ഇപ്പുറവും കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെ ചിത്രം മികച്ച ഒക്കുപ്പന്‍സിയിലാണ് തുടരുന്നത്. പെരുന്നാള്‍ റിലീസുകളായി മൂന്ന് മലയാള ചിത്രങ്ങള്‍ എത്തിയിട്ടും കെജിഎഫ് 2നെ ബാധിച്ചിട്ടില്ല എന്നതും കൌതുകകരമാണ്.

കേരളത്തില്‍ 20 ദിവസങ്ങള്‍ കൊണ്ട് ചിത്രം 59.75 കോടി നേടി എന്നാണ് ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസിനെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ എത്തിയിട്ടും കെജിഎഫ് 2 നേടുന്ന ഈ മികച്ച പ്രതികരണം തിയറ്റര്‍ ഉടമകളെപ്പോലും അമ്പരപ്പിക്കുന്നുണ്ട്. റംസാന്‍ മാസത്തിനു ശേഷം തിയറ്ററുകള്‍ സജീവമായ മലബാര്‍ മേഖലയിലാണ് ഈ വാരാന്ത്യത്തില്‍ കെജിഎഫ് 2 ന് ഏറ്റവും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഇനിഷ്യലുകളിലൊന്ന് സ്വന്തമാക്കിക്കൊണ്ടായിരുന്നു കെജിഎഫ് 2ന്‍റെ തുടക്കം. ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരുമെന്ന പ്രഖ്യാപനം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച
'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ