
മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറിയ 'ലോക' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഓഗസ്റ്റ് 28 ന് ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസങ്ങൾ കൊണ്ടാണ് 'എമ്പുരാന്റെ' കളക്ഷൻ റെക്കോർഡ് പിന്നിട്ടത്. ഇപ്പോഴിതാ കേരള ബോക്സ്ഓഫീസിലും ചിത്രം നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. ആഗോള കളക്ഷനായി 260 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തിയിരിക്കുന്നത്.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.