ജിതിൻ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുന്നു. മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയ ചിത്രം, മൂന്നാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്നു.
മലയാള സിനിമാസ്വാദകർക്ക് പുത്തൻ കാഴ്ച വിസ്മയം സമ്മാനിച്ച സിനിമയാണ് കളങ്കാവൽ. ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിൽ വച്ചുമാറിയതാണ് അതിന് കാരണം. മമ്മൂട്ടി സ്റ്റാൻലി എന്ന പ്രതിനായ വേഷത്തിൽ എത്തിയപ്പോൾ പൊലീസ് വേഷത്തിൽ നായകനായി വിനായകനും എത്തി. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം സയ്നൈഡ് മോഹൻ കേസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ പടമാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ കളങ്കാവലിന് മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. പിന്നീട് ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന മമ്മൂട്ടി പടത്തെയാണ് മലയാളികൾ കണ്ടത്. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് കളങ്കാവൽ.
മൂന്നാം വാരത്തിൽ 187ലധികം തിയറ്ററുകളിലാണ് കളങ്കാവൽ പ്രദർശനം തുടരുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 77.75 കോടിയാണ് കളങ്കാവൽ ഇതുവരെ നേടിയത്. പതിമൂന്ന് ദിവസത്തെ കളക്ഷൻ കണക്കാണിത്. 34.30 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. ഓവർ സീസിൽ നിന്നും 37.30 കോടിയും ഇന്ത്യ ഗ്രോസായി 40.45 കോടിയും മമ്മൂട്ടി പടം നേടിയിട്ടുണ്ട്.
33.9 കോടിയാണ് കേരളത്തിൽ നിന്നും കളങ്കാവൽ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്നും 2.85 കോടി, അന്ധ്രാ-തെലുങ്കാന 43 ലക്ഷം, തമിഴ്നാട് 2.28 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. അതേസമയം, പുതിയ റിലീസുകൾ തിയറ്ററുകളിൽ എത്തിയിട്ടുണ്ടെങ്കിലും കളങ്കാവൽ കട്ടയ്ക്ക് തന്നെ കൂടെ നിൽക്കുന്നുവെന്നാണ് വിലയിരുത്തലുകൾ. ഈ വാരത്തോടെ 80 കോടി എന്ന നേട്ടവും കളങ്കാവൽ നേടുമെന്നാണ് കണക്കുകൂട്ടുകൾ.



