
തമിഴിലെ ഏറ്റവും ജനപ്രിയ താരം വിജയ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അജിത്ത് കുമാര്‍ റേസിംഗ് ട്രാക്കിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് ഇവരുടെ പിന്‍തുടച്ചക്കാര്‍ ആരെന്നത്. അതിന് പെട്ടെന്ന് ഒരു ഉത്തരത്തില്‍ എത്തിച്ചേരാനാവില്ലെങ്കിലും പുതുതലമുറയില്‍ ആ ജനപ്രീതിയിലേക്ക് ഉയരാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം ശിവകാര്‍ത്തികേയന്‍ ആണ്. അവസാന റിലീസ് ആയിരുന്ന അമരനിലൂടെ കരിയറിലെ ആദ്യത്തെ 300 കോടി ക്ലബ്ബ് നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോഴിതാ അടുത്ത ചിത്രത്തിന് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയും തമിഴ് സിനിമാലോകത്തിന് തന്‍റെ താരമൂല്യം വ്യക്തമാക്കുകയാണ് ശിവകാര്‍ത്തികേയന്‍.
എ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മദ്രാസി എന്ന ചിത്രമാണ് അത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. തമിഴ്നാട്ടിലെ പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടിലെ ട്രാക്ക് ചെയ്യപ്പെട്ട 362 തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം വിറ്റിരിക്കുന്നത് 2.2 ലക്ഷം ടിക്കറ്റുകളാണ്. ഇതിലൂടെ നേടിയിരിക്കുന്നത് 3.73 കോടിയും. ഇന്നലെ രാത്രി 10 മണി വരെയുള്ള കണക്കാണ് ഇത്. അതായത് റിലീസിന് രണ്ട് ദിവസം ശേഷിക്കെ. ഇതേ സമയത്ത് തമിഴിലെ സമീപകാല പ്രധാന ചിത്രങ്ങള്‍ നേടിയ ബുക്കിംഗും ഇവര്‍ ഒപ്പം കൊടുത്തിട്ടുണ്ട്.
ഇത് പ്രകാരം രായന്‍, തങ്കലാന്‍, കങ്കുവ എന്നീ ചിത്രങ്ങളേക്കാള്‍ മുകളിലാണ് മദ്രാസിക്ക് ലഭിച്ച ബുക്കിംഗ്. റെട്രോയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. റിലീസിന് രണ്ട് ദിനം ശേഷിക്കെ 5.81 കോടിയാണ് ചിത്രം നേടിയത്. രണ്ടാമത് ശിവകാര്‍ത്തികേയന്‍റെ തന്നെ അമരനും മൂന്നാമത് കമല്‍ ഹാസന്‍- ഷങ്കര്‍ ടീമിന്‍റെ ഇന്ത്യന്‍ 2 ഉും. പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ശിവകാര്‍ത്തികേയന്‍റെ താരമൂല്യം ഒരു പടി കൂടി ഉയര്‍ത്തുന്ന ചിത്രമായി മദ്രാസി മാറും.
രുക്മിണി വസന്ത് നായികയാവുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍, വിക്രാന്ത്. ഷബീര്‍ കല്ലറയ്ക്കല്‍ എന്നിവരാണ് മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി ഛായാഗ്രാഹകന്‍ സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എ ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. അനിരുദ്ധ് രവിചന്ദറിന്‍റേതാണ് സംഗീതം.