50 കോടി ക്ലബ്ബിലേക്ക് 'മാളികപ്പുറം'; കേരളത്തില്‍ നാലാം വാരം 233 സ്ക്രീനുകളില്‍

By Web TeamFirst Published Jan 21, 2023, 3:22 PM IST
Highlights

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്‍ത മാളികപ്പുറം. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു. സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. ഫലം കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് 233 സ്ക്രീനുകളിലാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ചിത്രം.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. തമിഴ് പൊങ്കല്‍ റിലീസുകള്‍ അടക്കം എത്തിയിട്ടും നാലാം വാരത്തില്‍ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചത് അപൂര്‍വ്വ പ്രതിഭാസമായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ജനുവരി 5 ന് റിലീസ് ചെയ്യപ്പെട്ട യുഎഇ, ജിസിസി മാര്‍ക്കറ്റിലും മൂന്നാം വാരത്തില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൌണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. യുകെ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിങ്ങനെ റിലീസ് ചെയ്യപ്പെട്ട മറ്റ് വിദേശ മാര്‍ക്കറ്റുകളിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ കാര്യമായി എത്തുന്നുണ്ട്. ബംഗളൂരു, മുംബൈ, ദില്ലി, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 

ALSO READ : 'മ്യൂസിക് ഡയറക്ടറുടെ പ്രതിഫലത്തേക്കാള്‍ വലിയ തുക'; 'നന്‍പകലി'നുവേണ്ടി വാങ്ങിയ കോപ്പിറൈറ്റിനെക്കുറിച്ച് മമ്മൂട്ടി

അതേസമയം ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം തിയറ്ററുകളില്‍ എത്തുകയാണ്. ഇതരഭാഷാ പതിപ്പുകള്‍ക്കും പ്രേക്ഷകരെ നേടാനായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറും മാളികപ്പുറം. ജനുവരി 26 ന് ആണ് ഇതര ഭാഷാ പതിപ്പുകളുടെ റിലീസ്.

 

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

click me!