പശ്ചാത്തല സം​ഗീതമോ സം​ഗീത സംവിധായകനോ ഇല്ല ചിത്രത്തില്‍

ഒരു നടന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. റോഷാക്കിനു ശേഷം അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഈ വാരമാണ് തിയറ്ററുകളിലെത്തിയത്. പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ആദ്യമായി ഒന്നിച്ച ചിത്രത്തിന് ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ തിയറ്റര്‍ റിലീസിലും ചിത്രം കൈയടി നേടുകയാണ്. അവതരണത്തില്‍ ലിജോയിലെ സംവിധായകന്‍ സ്വയം നവീകരിച്ചിരിക്കുന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തിയിരിക്കുന്നത്.

മുന്‍ ലിജോ ചിത്രങ്ങളില്‍ ചലനാത്മകമായിരുന്നു ക്യാമറയെങ്കില്‍ ഇവിടെ സ്റ്റാറ്റിക് ഷോട്ടുകളുടെ ധ്യാനാത്മകതയാണ്. പശ്ചാത്തല സം​ഗീതമോ സം​ഗീത സംവിധായകനോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം പശ്ചാത്തല സം​ഗീതത്തിന്‍റെ കര്‍ത്തവ്യം ഇവിടെ നിര്‍വ്വഹിക്കുന്നത് സൗണ്ട്സ്കേപ്പ് ആണ്. രം​ഗനാഥ് രവി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. സിനിമ സംഭവിക്കുന്ന തമിഴ് ഉള്‍​ഗ്രാമത്തിന്‍റെ ശബ്ദം ചിത്രത്തില്‍ എത്തിക്കാന്‍ അണിയറക്കാര്‍ക്ക് നടത്തേണ്ടിവന്ന അധ്വാനത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കോപ്പിറൈറ്റ് ഇനത്തില്‍ വലിയ തുകയാണ് ചെലവായതെന്നും അദ്ദേഹം പറയുന്നു.

ALSO READ : നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

കോളനിയില്‍ നടക്കുന്ന എല്ലാ തരത്തിലുള്ള സംഗീതവും റേഡിയോയും ടിവിയും തിയറ്ററുമൊക്കെ ഇതിനകത്ത് വന്ന് പെട്ടുപോകുന്നുണ്ട്. അതാണ് സിനിമയുടെ പശ്ചാത്തലത്തില്‍ ഉണ്ടാവുന്ന ശബ്ദം. പശ്ചാത്തല സംഗീതം അതാണ്. അത് ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഭവമാണ്. അതായിരുന്നു ഏറ്റവും വലിയ ജോലി. ഓരോ രംഗത്തിനും പറ്റിയ ശബ്ദം വേണ്ടേ.. വലിയ സംഖ്യ കൊടുത്തിട്ടാണ് ഇതിന്‍റെയൊക്കെ റൈറ്റ്സ് വാങ്ങിച്ചത്. സിനിമയുടെ ഏറ്റവും വലിയ ഒരു കോസ്റ്റ് ബജറ്റ് അതാണ്. ഒരു വലിയ മ്യൂസിക് ഡയറക്ടറെ വച്ചിട്ട് സൌണ്ട് എഫക്റ്റ്/ മ്യൂസിക് ചെയ്യുന്നതിനേക്കാള്‍ കോസ്റ്റ് ആയിരുന്നു ഇത്രയും പാട്ടുകളുടെയും ഡയലോഗുകളുടെയുമൊക്കെ കോപ്പി റൈറ്റ്സ് വാങ്ങിയതിന്. പിന്നെ അതിനുവേണ്ടി ചെലവാക്കിയ സമയവും വലുതാണ്.