'രണ്ടായിരം കേന്ദ്രങ്ങളില്‍നിന്നും ആവേശകരമായ റിപ്പോര്‍ട്ടുകള്‍'; 'മാമാങ്കം' കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

By Web TeamFirst Published Dec 13, 2019, 5:35 PM IST
Highlights

'അത്ഭുതങ്ങള്‍ നിറഞ്ഞതും മലയാളികള്‍ക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യവിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.'

വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ ആദ്യദിന കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. റിലീസ് ചെയ്ത 2000 കേന്ദ്രങ്ങളില്‍നിന്നും ആവേശകരമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും ലഭ്യമായ കണക്കുകളനുസരിച്ച് ആദ്യദിനത്തിലെ ആഗോള കളക്ഷന്‍ 23 കോടിയാണെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ അതിനെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും നിര്‍മ്മാതാവ് പറയുന്നു.

വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്

മാമാങ്ക വിശേഷങ്ങള്‍. ഇന്നലെ ആ സുദിനമായിരുന്നു. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി. ഏകദേശം രണ്ട് വര്‍ഷമായുള്ള യാത്രയായിരുന്നു. ഉദ്യോഗജനകവും രസകരവും വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര. ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു. റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്. 

വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. അത്ഭുതങ്ങള്‍ നിറഞ്ഞതും മലയാളികള്‍ക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യവിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ. കോടിക്കണക്കിന് രൂപയുടേയും. ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. അതുപോലെ ഷൂട്ടിംഗ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല. കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ. ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കും. (ചിത്രത്തിന്റെ ആദ്യദിന ആഗോള ഗ്രോസ് 23.7 കോടിയാണെന്നാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍)

click me!