
എട്ട് മാസത്തെ കാത്തിരിപ്പ്, ഒടുവിൽ ഒരു മമ്മൂട്ടി സിനിമ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം കളങ്കാവൽ. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഇരുപത്തി രണ്ട് നായികമാരും. സിനിമ തിയറ്ററിൽ എത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ കളങ്കാവലിന്റെ വേൾഡ് വൈഡ് പ്രീ സെയിൽ കളക്ഷൻ പുറത്തുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ മോഹൻലാൽ ചിത്രം തുടരുമിന്റെ അഡ്വാൻസ് കളക്ഷൻ മമ്മൂട്ടി ചിത്രം മറികടന്നിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 4 കോടി അടുപ്പിച്ച് പ്രീ സെയിലിൽ കളങ്കാവൽ നേടിയിട്ടുണ്ട്. 3.8 ആണെന്ന് പ്രമുഖ ട്രാക്കർമാർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പടത്തിന്റെ ഫൈനൽ പ്രീ സെയിൽ എത്രയാണെന്ന് നാളയോടെ അറിയാനാവും. 3.74 കോടിയാണ് തുടരുമിന്റെ പ്രീ സെയിൽ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ പ്രീ സെയിലിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന രണ്ടാമത്തെ സിനിമയാണ് കളങ്കാവൽ. ഒന്നാമത് മോഹൻലാൽ ചിത്രം എമ്പുരാൻ ആണ്. 52.3 കോടിയാണ് എമ്പുരാന്റെ വേൾഡ് വൈഡ് പ്രീ സെയിൽ കളക്ഷൻ.
ജിസിസിയിൽ ഏറ്റവും കൂടുതലിടങ്ങളിൽ റിലീസ് ചെയ്യുന്ന ചിത്രമായും കളങ്കാവൽ മാറിയെന്നാണ് റിപ്പോർട്ട്. എമ്പുരാനാണ് മുന്നിൽ. 145 ആണ് കളങ്കാവലിന്റെ ജിസിസി സെന്ററുകൾ. യുഎഎ-62, സൗദി അറേബ്യ-35, ഖത്തർ, ഒമാൻ-16 വീതം, ബഹ്റൈൻ-12, കുവൈറ്റ്-4 എന്നിങ്ങനെയാണ് കണക്കുകൾ. സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ജിസിസിയിൽ വിതരം ചെയ്യുന്നത്.
അതേസമയം, കളങ്കാവലിന്റെ ഫീഡ്ബാക്കിനായി കാത്തിരിക്കുന്നുവെന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. "കളങ്കാവൽ നാളെ മുതൽ നിങ്ങൾക്കുള്ളതാണ്. ജിതിൻ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹവും ടീമും ചേർന്ന് നിങ്ങൾക്ക് അവിസ്മരണീയമായി എന്തെങ്കിലും കൊണ്ടുവരാൻ തങ്ങളുടെ മനസും ആത്മാവും പകർന്നിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്. നിങ്ങളുടെ ഫീഡ്‌ബാക്ക് കേൾക്കാൻ കാത്തിരിക്കാനാവില്ല", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.