
ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിക്കുക! അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അത്ഭുതമാണ് മാര്‍ക്കോയുടെ കാര്യത്തില്‍ സംഭവിച്ചത്. മലയാള സിനിമയ്ക്ക് ഉത്തരേന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതുപോലെയായിരുന്നു ഇത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 10 കോടി പിന്നിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ മാര്‍ക്കോയുടെ ഗണത്തില്‍പ്പെടുന്ന ഒരു ഹിന്ദി ചിത്രവും തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
നടന്‍ സോനു സൂദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ഫതേ ആണ് അത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വയലന്‍റ് ആയ രംഗങ്ങളും ഉണ്ട്. ഇതേ ഗണത്തില്‍ പെട്ട അനിമല്‍, കില്‍, മാര്‍ക്കോ എന്നീ ചിത്രങ്ങളുമായി ചര്‍ച്ചകളില്‍ സ്വാഭാവികമായും താരതമ്യം ഉണ്ടാവുന്നുണ്ട്. മാര്‍ക്കോയോളം ഓളം സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭേദപ്പെട്ട സംഖ്യകള്‍ ചിത്രം ഓപണിംഗ് ദിനങ്ങളില്‍ നേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. സംവിധാനത്തിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സോനു സൂദ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയ ഇന്ത്യ നെറ്റ് കളക്ഷന്‍ 2.4 കോടി ആണ്. രണ്ടാം ദിനമായ ശനിയാഴ്ച 1 കോടിയും. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 4.40 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. സോനു സൂദ് നായകനാവുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് ആണ് ഇത്. അതേസമയം മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 22-ാം ദിനമായിരുന്ന വെള്ളിയാഴ്ച ഹിന്ദിയില്‍ ചിത്രം നേടിയത് 23 ലക്ഷമാണ്.
ALSO READ : പുതിയ റിലീസുകളിലും തളരാതെ 'റൈഫിള്‍ ക്ലബ്ബ്'; നാലാം വാരത്തിലും നൂറിലധികം സ്ക്രീനുകള്‍