
മലയാള സിനിമയ്ക്ക് ആദ്യമായി കോടി ക്ലബ്ബ് സമ്മാനിച്ച താരം ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. നടൻ മോഹൻലാൽ. പുലിമുരുകനിലൂടെ 100 കോടി ക്ലബ്ബ് മോളിവുഡിന് സമ്മാനിച്ച മോഹൻലാൽ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ നായകൻ കൂടിയാണ്. ഒരു മാസത്തിന്റെ ഗ്യാപ്പിൽ രണ്ട് 200 കോടി ക്ലബ്ബ് സിനിമകളാണ് മോഹൻലാലിന്റേതായി ലഭിച്ചിരിക്കുന്നത്. ഒന്ന് എമ്പുരാൻ മറ്റൊന്ന് തുടരും. റെക്കോർഡുകൾ ഭേദിച്ച് തുടരും തിയറ്ററുകളിൽ മുന്നേറുന്നതിനിടെ 2025ൽ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ മികച്ച കളക്ഷൻ നേടിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ലിസ്റ്റിൽ എമ്പുരാൻ മാത്രമല്ല തുടരുവും ഇടം പിടിച്ചിട്ടുണ്ട്. അതും അജിത്ത് കുമാർ, രാം ചരൺ എന്നിവരുടെ ബിഗ് ബജറ്റ് പടങ്ങളെ മറികടന്ന്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഒരു ബോളിവുഡ് സിനിമയാണ്. വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ് ആ ചിത്രം. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 807.88 കോടിയാണ് ഛാവയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ എമ്പുരാൻ ആണ്. 265 കോടിയാണ് പടത്തിന്റെ കളക്ഷൻ. ബിസിനസ് എല്ലാം ചേർത്ത് 325 കോടി ആകെ എമ്പുരാൻ നേടി. ഇന്റസ്ട്രി ഹിറ്റായി മാറിയ എമ്പുരാൻ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ലിസ്റ്റിലെ മൂന്നാമൻ തെലുങ്ക് പടം സംക്രാന്തികി വസ്തുനാം ആണ്. വെങ്കിടേഷ് നായകനായെത്തിയ ചിത്രം 255.2 കോടി രൂപയാണ് നേടിയത്.
നാലാമത് അജിത്ത് കുമാർ പടം ഗുഡ് ബാഡ് അഗ്ലിയാണ്. 246 കോടിയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർന്മാർ പറയുന്നത്. തൊട്ട് പിന്നിൽ തുടരും ആണ്. 200 കോടിയോളം ആണ് ഈ മോഹൻലാൽ പടത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. റിലീസ് ചെയ്ത് പതിനെട്ടാം ദിവസമാണ് ഇന്ന്. വരും ദിവസങ്ങളിൽ മുന്നിലുള്ള സിനിമകളെ തുടരും മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. അഞ്ചാം സ്ഥാനത്ത് രാം ചരണിന്റെ ഗെയിം ചെയ്ഞ്ചർ ആണ്. ഷങ്കർ സംവിധാനം ചെയ്ത ചിത്രം 185.50 കോടിയാണ് ആകെ നേടിയത്. 450 കോടിയായിരുന്നു നിർമാണ ചെലവ് എന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..