സമീപകാലത്തെ പരാജയങ്ങള്‍ക്ക് ശേഷം 'സര്‍വ്വം മായ' എന്ന ചിത്രത്തിലൂടെ നിവിന്‍ പോളി ബോക്സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന നടന്മാരില്‍ പ്രധാനിയാണ് നിവിന്‍ പോളി. ബോക്സ് ഓഫീസില്‍ മുന്‍പ് പലവട്ടം നിവിന്‍ അത് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ബോക്സ് ഓഫീസ് ഭാഗ്യം നിവിനൊപ്പം ഉണ്ടായിരുന്നില്ല. കരിയറില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹത്തിനൊപ്പം പ്രേക്ഷകര്‍ നിന്നില്ല എന്നുവേണം പറയാന്‍. എന്നാല്‍ വീണ്ടും ഒരു എന്‍റര്‍ടെയ്നര്‍ ചിത്രവുമായി എത്തിയപ്പോള്‍ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ സര്‍വ്വം മായയാണ് ആ ചിത്രം. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് 50 കോടി നേടിയിരുന്നു. കേരളത്തില്‍ ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് സര്‍വ്വം മായയ്ക്ക് ലഭിച്ചത്. കേരളത്തില്‍ നിവിന് ഏറ്റവും മികച്ച ഓപണിംഗ് ലഭിച്ച എട്ട് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

ടോപ്പ് ഓപണിംഗ്‍സ്

സര്‍വ്വം മായ ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത് 3.5 കോടി ആയിരുന്നു. അതിനേക്കാള്‍ വലിയ കേരള ഓപണിംഗ് നിവിന് ഒരേയൊരു പ്രാവശ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ. 2018 ല്‍ പുറത്തെത്തിയ കായംകുളം കൊച്ചുണ്ണി ആയിരുന്നു അത്. 5.22 കോടി ആയിരുന്നു കൊച്ചുണ്ണിയുടെ കേരള ഓപണിംഗ്. ചിത്രത്തിലെ ഇത്തിക്കര പക്കി ആയുള്ള മോഹന്‍ലാലിന്‍റെ സാന്നിധ്യവും ഇതിന് കാരണമായിരിക്കാം. സര്‍വ്വം മായ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് നിവിന്‍റെ പരാജയ കാലത്ത് ഇറങ്ങിയ മലയാളി ഫ്രം ഇന്ത്യയാണ്. 2.53 കോടി ആയിരുന്നു ചിത്രത്തിന്‍റെ കേരള ഓപണിംഗ്.

നാലാം സ്ഥാനത്ത് 2017 ചിത്രം സഖാവ് ആണ്. 2.47 കോടിയാണ് ചിത്രം നേടിയ കേരള ഓപണിംഗ്. നിവിന്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഫേവറൈറ്റുകളില്‍ ഒന്നായ ആക്ഷന്‍ ഹീറോ ബിജു ആണ് അഞ്ചാം സ്ഥാനത്ത്. 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത് 1.60 കോടിയാണ്. മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്ന് പറയാവുന്ന ബാംഗ്ലൂര്‍ ഡെയ്സ് ആറാമതാണ്. 1.58 കോടി ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ കേരള ഓപണിംഗ്. നിവിന്‍റെ കരിയറിലെ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍ ചിത്രം പ്രേമം ആണ് ഏഴാമത്. 1.43 കോടിയാണ് ചിത്രത്തിന്‍റെ ഓപണിംഗ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയാണ് എട്ടാമത്. 1.42 കോടിയാണ് കേരള ഓപണിംഗ്. പരാജയത്തുടര്‍ച്ചയില്‍ നീങ്ങുന്ന സമയത്തും നിവിന് പ്രേക്ഷകര്‍ നല്‍കുന്ന പരിഗണന മലയാളി ഫ്രം ഇന്ത്യയുടെ ഓപണിംഗില്‍ കാണാം. ജന ഗണ മന സംവിധായകനൊപ്പം നിവിന്‍ എത്തുന്നു എന്ന ഹൈപ്പ് ആണ് ചിത്രത്തിന് മികച്ച ഓപണിംഗ് നല്‍കിയ ഒരു ഘടകം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming