സമ്മിശ്ര അഭിപ്രായം ബോക്സ് ഓഫീസില്‍ വീഴ്ത്തിയോ? രാം ചരണിന്‍റെ 'പെദ്ധി' റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

Published : Jun 05, 2026, 09:07 AM IST
Peddi movie worldwide opening box office collection ram charan Buchi Babu Sana

Synopsis

ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടാനായി

സിനിമയില്‍ എത്തിയിട്ട് രണ്ട് പതിറ്റാണ്ടിനടുത്ത് ആവുന്നെങ്കിലും രാം ചരണിന് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്തത് 2022 ല്‍ പുറത്തിറങ്ങിയ എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ആയിരുന്നു. ആര്‍ആര്‍ആര്‍ ആണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ക്ക് ഭാഷാഭേദമന്യെ രാം ചരണിനെ പരിചയപ്പെടുത്തിക്കൊടുത്തത്. അത്ര വലിയ ഒരു വിജയം നേടിയതിനാല്‍ത്തന്നെ പിന്നീടുള്ള രാം ചരണ്‍ ചിത്രങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നത് ഒരു ബാധ്യത കൂടിയായി മാറി. എന്നാല്‍ ആര്‍ആര്‍ആറിന് ശേഷം അതിനോട് കിടപിടിക്കുന്ന ഒരു വിജയം അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ഷങ്കറിന്‍റെ ​ഗെയിം ചേഞ്ചര്‍ വലിയ പരാജയവുമായി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം പെദ്ധി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ ആ​ഗോള റിലീസ്. ഇപ്പോഴിതാ ഓപണിം​ഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.

സ്പോര്‍ട്സ് ആക്ഷന്‍ ഡ്രാമ ​ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സനയാണ്. വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാല്‍ രാം ചരണിന് നിലവിലുള്ള വന്‍ താരമൂല്യം ഓപണിം​ഗ് കളക്ഷനില്‍ പ്രതിഫലിച്ചു. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ആദ്യദിന ആ​ഗോള ഓപണിം​ഗ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 112.49 കോടിയാണ്. ആ​ഗോള ​ഗ്രോസ് ആണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള ​ഗ്രോസ് 82.49 കോടിയും നെറ്റ് 69.50 കോടിയും.

അതേസമയം സമ്മിശ്ര അഭിപ്രായം വന്നതുകൊണ്ട് ബോക്സ് ഓഫീസിലെ മുന്നോട്ടുപോക്ക് എങ്ങനെ ആയിരിക്കും എന്നത് കാത്തിരുന്ന് കാണണം. എന്നാല്‍ ​ഗെയിം ചേഞ്ചറിന് ലഭിച്ചതുപോലെ ഒരേ തരത്തിലുള്ള നെ​ഗറ്റീവ് അഭിപ്രായങ്ങളല്ല പെദ്ധിക്ക് ലഭിച്ചത് എന്നത് പോസിറ്റീവ് ആണ്. അതിനാല്‍ത്തന്നെ അത്ര വലിയ തകര്‍ച്ച ചിത്രത്തിന് സംഭവിക്കാനും സാധ്യത തീരെയില്ല, വിശേഷിച്ചും തെലുങ്ക് സംസ്ഥാനങ്ങളില്‍. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നീ ബാനറുകള്‍ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ബ്ലാസ്റ്റ്, കളക്ഷൻ കണക്കുകള്‍ പുറത്ത്
കോലി കപ്പുയര്‍ത്തിയത് തിയറ്ററുകളില്‍ എത്ര പേര്‍ കണ്ടു? കളക്ഷനിലും റെക്കോര്‍ഡ് ഇട്ട് ഐപിഎല്‍ ഫൈനല്‍