'12 വര്‍ഷം മുന്‍പ് ബോക്സ് ഓഫീസിലെ ആ റെക്കോര്‍ഡ്'; 'ഗ്യാങ്സ്റ്റര്‍' നേടിയ ഷെയര്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

Published : Mar 09, 2026, 03:14 PM IST
producer santhosh t kuruvilla about firstd day collection andtotal share of gangster movie starring mammootty

Synopsis

2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ഗ്യാങ്സ്റ്റർ' വലിയ ഹൈപ്പോടെ എത്തി പരാജയപ്പെട്ടെങ്കിലും അക്കാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമായിരുന്നുവെന്ന് നിർമ്മാതാവ്

വലിയ ഹൈപ്പോടെ എത്തി ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ വീണ നിരവധി ചിത്രങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ട്. മലയാളത്തിലുമുണ്ട് അത്തരത്തിലുള്ള ചിത്രങ്ങള്‍. ആ ഗണത്തില്‍ പെടുത്താവുന്ന സിനിമകളിലൊന്നാണ് ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍. ഇടുക്കി ഗോള്‍ഡിന്‍റെ വിജയത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം. ആഷിഖിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രവും മമ്മൂട്ടിക്കൊപ്പമായിരുന്നു (ഡാഡി കൂള്‍). മമ്മൂട്ടിയെ അതുവരെ കാണാത്ത ഗെറ്റപ്പില്‍ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രം നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് നേടിയെടുത്തത്. എന്നാല്‍ പ്രീ റിലീസ് ഹൈപ്പ് ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷനില്‍ പ്രതിഫലിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള തന്നെയാണ് ഒരു പുതിയ അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നത്.

ഗ്യാങ്സ്റ്ററിനെക്കുറിച്ച് നിര്‍മ്മാതാവ്

ചിത്രത്തിന് അര്‍ഹിച്ച അംഗീകാരം കിട്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ, ചിത്രത്തെക്കുറിച്ച് പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കാണ് സന്തോഷ് ടി കുരുവിള മറുപടി പറയുന്നത്. “ഗ്യാങ്സ്റ്ററിന് അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ അംഗീകാരം ആ സമയത്ത് കിട്ടാനുള്ള സിനിമയില്ല അത്. പിന്നെ എങ്ങനെയാണ് മമ്മൂക്കയോട് അത് പോയി സംസാരിക്കുന്നത്?, സന്തോഷ് ടി കുരുവിള ചോദിക്കുന്നു. അതേസമയം ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷനെക്കുറിച്ചും ആകെ ഷെയറിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു- ആ കാലഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്റ്റ് ചെയ്ത സിനിമയാണ് ഗ്യാങ്സ്റ്റര്‍. ആദ്യ ദിവസത്തെ കാര്യമാണ് പറയുന്നത്. അ സമയം വരെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ ചിത്രം ആയിരുന്നു ഗ്യാങ്സ്റ്റര്‍. 89 ലക്ഷം രൂപ ഷെയര്‍ ഉണ്ടായിരുന്നു അതിന്. അന്ന് അത് വലിയ തുകയാണ്. ആ സിനിമ ഇപ്പോള്‍ ആണെങ്കില്‍ ചിലപ്പോള്‍ വിജയിക്കും, അവസാനത്തെ ആ അനിമേഷന്‍ സീക്വന്‍സ് ഒക്കെ മാറ്റി ഇറക്കിയാല്‍. പ്രത്യേക അവസ്ഥ കൊണ്ട് അങ്ങനെ ചെയ്തതാണ്”, നിര്‍മ്മാതാവ് പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറയുന്നത്.

അഹമ്മദ് സിദ്ദിഖും അഭിലാഷ് എസ് കുമാറും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, ടി ജി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നുണ പറയാനില്ല, മാമാങ്കത്തിന് ആവശ്യത്തിൽ കൂടുതൽ കിട്ടി, മാളികപ്പുറം 100 കോടി നേടിയിട്ടില്ല; വേണു കുന്നപ്പിള്ളി
'കേരള സ്റ്റോറി 2' കേരളത്തില്‍ പ്രേക്ഷകര്‍ കാണുന്നുണ്ടോ? 6 ദിവസത്തെ കളക്ഷന്‍