
റിലീസിന് മുന്‍പ് ഇത്രയും വിവാദവും ചര്‍ച്ചയും സൃഷ്ടിച്ച മറ്റൊരു ചിത്രം കേരള സ്റ്റോറി 2 പോലെ ഉണ്ടായിട്ടില്ല. ട്രെയ്‍ലര്‍ എത്തിയപ്പോള്‍ മുതല്‍ ആരംഭിച്ച വിവാദം കോടതിയിലേക്കും നീണ്ടു. ഒടുവില്‍ കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് തടഞ്ഞ റിലീസ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കോടതിവിധി അനുകൂലമായതോടെ അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളില്‍ എത്തി. 2023 ല്‍ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. അതേസമയം ചിത്രം പ്രേക്ഷകര്‍ കാണുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ ചിത്രത്തിന് പ്രേക്ഷകരുണ്ടോ? റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങളില്‍ ചിത്രം കേരളത്തില്‍ നിന്ന് എത്ര നേടിയെന്ന് നോക്കാം.
കേരളത്തിലെ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ബോക്സ് ഓഫീസില്‍ നമ്പറുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 20.15 കോടിയും. 20 കോടിയോളം മുടക്കുമുതല്‍ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അതിനാല്‍ത്തന്നെ ആദ്യ ഭാഗത്തേക്കാള്‍ വലിയ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കിയത്.
രണ്ട് ഭാഗങ്ങളുടെയും നിര്‍മ്മാതാവ് ഒരേ ആള്‍ ആണെങ്കിലും സംവിധായകര്‍ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ്‍ സിംഗ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു. ചിത്രത്തെ കനത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.