
പരാജയപ്പെട്ടൊരു സിനിമയുടെ രണ്ടാം ഭാഗം എടുക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. എന്നാൽ ആ റിസ്ക് ആയിരുന്നു നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ തോമസും എടുത്തത്. ഒടുവിൽ സിനിമ വൻ വിജയം നേടി. അതിനൊരു മൂന്നാം ഭാഗവും വന്നു. പറഞ്ഞ് വരുന്നത് ആട് ഫ്രാഞ്ചൈസിയെ കുറിച്ചാണ്. നടൻ ജയസൂര്യ ഷാജിപാപ്പൻ എന്ന ഐക്കോണിക് കഥാപാത്രമായി എത്തിയ ആട് 3 തിയറ്ററിൽ ഇരുപത്തി അഞ്ച് ദിവസം പിന്നിട്ട് മുന്നേറുകയാണ്. തതവസരത്തിൽ സിനിമയുടെ ബജറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സഹനിർമാതാവായ വേണു കുന്നപ്പിള്ളി.
"120 ദിവസം ഷൂട്ടിംഗ് പോയ സിനിമയാണ് ആട് 3. ഇതിനിടയിൽ വെള്ളപ്പൊക്കം പോലുള്ള ചില പ്രതിസന്ധികളും വന്നു. 40 കോടി രൂപയായിരുന്നു വന്ന സമയത്ത് എന്നോട് പറഞ്ഞ ബജറ്റ്. പിന്നെ വിതരണം തുടങ്ങി നിരവധി കാര്യങ്ങൾ. എത്രയാണ് എന്ന കാര്യത്തിൽ ഇപ്പോഴും കണക്ക് കൃത്യമല്ല. കാരണം പെയ്മെന്റൊക്കെ നടക്കുന്നതേ ഉള്ളൂ. എന്നാലും 50 കോടി അടുപ്പിച്ച് എന്തായാലും ആട് 3യ്ക്ക് ബജറ്റായിട്ടുണ്ടാകും. മൊത്തം ബജറ്റ് ആണിത്", എന്നാണ് വേണു കുന്നപ്പിള്ളി പറഞ്ഞത്.
"40 കോടി രൂപയിൽ സിനിമ തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആട് 2 വലിയ വിജയമായിരുന്നു. അതുകൊണ്ട് പ്രീ സെയിൽ നിന്നും വലിയൊരു തുക ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഓവർസീസിൽ നിന്നും വലിയൊരു ഓഫർ ഉണ്ടായി. അപ്പോൾ 40 കോടി എന്നത് കവറാകും. നമുക്ക് വേറെ റിസ്കുമില്ല. പക്ഷേ ഷൂട്ടിംഗ് തുടങ്ങി ഒരു വർഷമൊക്കെ ആയപ്പോൾ ആ പറ്റേൺ അങ്ങ് മാറി. റിസ്കായി. പക്ഷേ പെട്ടെന്ന് തന്നെ ആ റിസ്കിൽ നിന്നും മാറാൻ ഞങ്ങൾക്ക് സാധിച്ചു. സിനിമ ഒരു ലാഭത്തിലേക്ക് പോയി", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു വേണു കുന്നപ്പിള്ളിയുടെ പ്രതികരണം.
അതേസമയം, റിലീസ് ചെയ്ത് 25 ദിവസത്തിൽ 120 കോടി രൂപയാണ് ആഗോളതലത്തിൽ ആട് 3 നേടിയിരിക്കുന്നതെന്നാണ് ട്രാക്കർമരുടെ കണക്ക്. കേരളത്തിൽ 52 കോടിയിലധികം രൂപയും ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.