
ഇടവേളയ്ക്ക് ശേഷം ഒരു നിവിന്‍ പോളി ചിത്രം പ്രേക്ഷകരുടെ തിരക്ക് തിയറ്ററുകളില്‍ അനുഭവിപ്പിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായയാണ് ആ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം വീണ്ടും സരസനായ ആ സിംപിള്‍ നിവിന്‍ പോളിയെ സ്ക്രീനില്‍ അവതരിപ്പിക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ വേറിട്ട ശ്രമങ്ങള്‍ നടത്തിയപ്പോഴൊന്നും കൈയടിക്കാതിരുന്ന പ്രേക്ഷകര്‍ എന്‍റര്‍ടെയ്നര്‍ നിവിന്‍ പോളിയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ ആഘോഷിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലെ കണക്കുകള്‍ സംബന്ധിച്ച് ട്രാക്കര്‍മാരുടേതായ നിരവധി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ റിലീസിനിപ്പുറം ആദ്യമായി നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ കളക്ഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്രിസ്മസ് ദിനമായിരുന്ന വ്യാഴാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 20 കോടി നേടിയതായാണ് നിര്‍മ്മാതാക്കളായ ഫയര്‍ഫ്ലൈ ഫിലിംസ് അറിയിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിലേക്കുള്ള നിവിന്‍ പോളിയുടെ വന്‍ തിരിച്ചുവരവെന്ന് അക്ഷരാര്‍ഥത്തില്‍ വിളിക്കാവുന്ന കുതിപ്പാണ് ഇത്. ഇന്നലത്തെ അതേ റേഞ്ചിലോ അതിലും മുകളിലോ ചിത്രത്തിന് ഇന്ന് കളക്ഷന്‍ ലഭിക്കും. ഞായറാഴ്ചയായ നാളത്തെ കളക്ഷനും കൂടി ചേര്‍ത്ത് ഓപണിംഗ് വാരാന്ത്യത്തില്‍ ചിത്രം 45 കോടിയെങ്കിലും നേടുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.
ടിക്കറ്റിനുള്ള വലിയ ഡിമാന്‍ഡ് കാണുമ്പോള്‍ ആ വിലയിരുത്തല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന് മനസിലാവും. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ 12,000 ന് അടുത്ത് ടിക്കറ്റുകളാണ് ചിത്രം മണിക്കൂറില്‍ വിറ്റുകൊണ്ടിരിക്കുന്നത്. എറണാകുളത്ത് ഫാസ്റ്റ് ഫില്ലിഗോ ഹൗസ്‍ഫുള്ളോ അല്ലാത്ത ഒറ്റ ഷോ പോലും ചിത്രത്തിന് ഇന്ന് ഇനി ഇല്ല. വന്‍ ജനത്തിരക്ക് മുന്നില്‍ക്കണ്ട് പല തിയറ്ററുകളും അര്‍ധരാത്രി സ്പെഷല്‍ ഷോകളും ചിത്രത്തിന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫാന്റസി ഹൊറർ കോമഡി ജോണറിൽ എത്തിയിരിക്കുന്ന ചിത്രമാണിത്. തങ്ങള്‍ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു.